തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമർപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ശ്രീറാമിനൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി. മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ നൂറ് സാക്ഷികളാണുള്ളത്. ആകെ 66 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 75 തൊണ്ടിമുതലുകളും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കി.
അപകടത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽനിന്ന് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി ശുപാർശ നൽകിയിരുന്നെങ്കിലും മുഖ്യമന്ത്രി തള്ളുകയായിരുന്നു. സസ്പെൻഷൻ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ചാണ് കെഎം ബഷീറിന്‍റെ ബൈക്കിൽ ശ്രീറാമും വഫയും സഞ്ചരിച്ച കാറിടിച്ചത്. മദ്യലഹരിയിലായിരുന്ന ശ്രീറാം വാഹനമോടിച്ചതെന്നായിരുന്നു വാഹന ഉടമയായ വഫ ഫിറോസ് രഹസ്യമൊഴി നൽകിയത്.