ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനും മറ്റ് ആറ് പേര്‍ക്കും പത്തു വര്‍ഷത്തെ തടവ് ശിക്ഷ. ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയുടേതാണ് വിധി. ബി.ജെ.പി നേതാവാണ് സെന്‍ഗാര്‍.
നിയമവാഴ്ചയെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ ജഡ്ജി ധര്‍മേശ് ശര്‍മ നിരീക്ഷിച്ചു. പൊതുപ്രവര്‍ത്തകനായ സെന്‍ഗാര്‍ ഇത് ചെയ്യാന്‍ പാടില്ലാത്തതാണ്. നിയമം സംരക്ഷിക്കേണ്ടയാളാണ് അത് ലംഘിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. പിതാവിനെ നഷ്ടപ്പെട്ട ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജഡ്ജി ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ പിതാവിനെ സെന്‍ഗാറിന്‍റെ പക്ഷത്തുള്ളവര്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ഇരുപക്ഷവും പൊലീസിനെ സമീപിച്ചെങ്കിലും സെന്‍ഗാറിന്‍റെ പക്ഷക്കാരുടെ കേസ് പരിഗണിച്ച പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കൊല്ലപ്പെടുകയുമായിരുന്നു. കുറ്റകരമായ നരഹത്യക്കും ഗൂഡാലോചനക്കും സെന്‍ഗാറിന്‍റെ സഹോദരനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമടക്കം ഏഴ് പേര്‍ക്കെതിരെ കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
ഉന്നാവോ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സെന്‍ഗാര്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.