തിരുവനന്തപുരം : കാട്ടാക്കടയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച ആള്‍ പിടിയില്‍. മലയം ശിവക്ഷേത്രത്തിന് സമീപം കാവടിവിള വീട്ടിൽ ജെ ജയശങ്കറാണ് മലയിൻകീഴ് പൊലീസിന്‍റെ പിടിയിലായത്. വിളവൂർക്കൽ മലയം ഇന്ദ്രനീലത്തിൽ ശ്രീകലയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയ ജയശങ്കർ ക്ലോറോഫോം മുക്കിയതുണി ഉപയോഗിച്ച് വീട്ടമ്മയുടെ ബോധം കെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍ ഈ ശ്രമം ചെറുത്ത് നിന്നതോടെ ഇയാള്‍ വീട്ടമ്മയെ ആക്രമിച്ച ശേഷം മാലയുമായി കടന്നുകളഞ്ഞു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലയിൻകീഴ് എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളെയും മാലയുടെ ഉടമ ശ്രീകലയുടെ വീടുമായി ബന്ധം പുലർത്തിയിരുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ഇതോടെ പ്രതി പിടിയിലാവുകയുമായിരുന്നു.
ശ്രീകലയുടെ വീട്ടിൽ നിന്നും ലഭിച്ച മോഷ്ടാവിന്‍റെ വിരലടയാളം ജയശങ്കറിന്‍റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സ്വർണ്ണമാല ഇയാൾ പണയം വച്ചിരുന്ന ഇടത്തുനിന്നും പൊലീസ് കണ്ടെടുത്തു.