കണ്ണൂർ: അഴീക്കോട് ചക്കരപ്പാറയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ദേശാഭിമാനി ജീവനക്കാരനായ എം. സനൂപിന്റെ വീടും വാഹനങ്ങളുമാണ് ഇന്ന് പുലർച്ചെ തകർത്തത്. വീടിന്റെ ജനൽച്ചില്ലുകൾ തകർത്ത അക്രമി സംഘം മുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണെന്ന് സനൂപ് പറഞ്ഞു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ബിജെപി പ്രവർത്തകനായ രാഹുലിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് സനൂപിന്റെ വീടിന് നേരെ നടന്ന അക്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അക്രമം നടക്കുമ്പോൾ സനൂപും അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ അക്രമികള്‍ ബൈക്കിൽ രക്ഷപ്പെട്ടതായി സനൂപ് പറഞ്ഞു.