എറണാകുളം: കൊച്ചി കേന്ദ്രീകരിച്ച് വീണ്ടും എടിഎം തട്ടിപ്പ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. സാബിറിന്‍റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്‌മായി. രണ്ടു ബാങ്കുകളുടെ എടിഎം വഴിയാണ് പണം നഷ്ടമായിരിക്കുന്നത്. 15 മിനിറ്റ് ഇടവേളയിൽ 10 തവണ പണം പിൻവലിച്ചിട്ടുണ്ട്. ഡോക്ടറുടെ പരാതിയിൽ തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടിഎം കൗണ്ടറിലുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്.
ഇന്നലെ രാവിലെ 06. 50 മുതൽ 07:10 വരെയുള്ള സമയങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയുടെ എടിഎം വഴിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഒരാഴ്ച മുൻപ് ഇതേ ആശുപത്രിയിലെ ടെക്നീഷ്യന്റെ അക്കൗണ്ടിൽനിന്നും 45,000 രൂപ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും തട്ടിപ്പ് നടന്നിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുന്നു എന്ന് ബാങ്കുകൾ പറയുമ്പോഴാണ് എ ടി എം കവർച്ച സംഘം വീണ്ടും സജീവമാകുന്നത്.