മെക്‌സിക്കോ സിറ്റി: വടക്ക് കിഴക്കന്‍ മെക്‌സിക്കോയില്‍ ലഹരിമരുന്ന് സംഘവും പൊലീസും തമ്മിലുണ്ടായ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസ് അതിര്‍ത്തിയില്‍ ഞായറാഴ്‌ചയാണ് സംഭവം. കൊലപ്പെട്ടവരില്‍ നാല് പൊലീസുകാരും, രണ്ട് നാട്ടുകാരും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ ലഹരിമരുന്ന് സംഘത്തിലെ അംഗങ്ങളാണ്. കൊഹ്യൂല ഗവര്‍ണര്‍ മിഖേല്‍ ഏയ്ഞ്ചല്‍ റിക്വല്‍മിയാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
വില്ല യൂണിയന്‍ പട്ടണത്തിലുണ്ടായ വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടു. അമേരിക്കന്‍ അതിര്‍ത്തിയായ ടെക്‌സാസിലെ ഈഗില്‍ പാസില്‍ നിന്നും 64 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
ലഹരിമരുന്ന് സംഘങ്ങളുെട നിയന്ത്രണത്തിലാണ് രാജ്യത്തെ മിക്ക നഗരങ്ങളും അതിനാല്‍ത്തന്നെ ഇത്തരം അക്രമസംഭവങ്ങള്‍ രാജ്യത്ത് പതിവാണ്. എന്നാല്‍ കൊഹ്യൂല മേഖലയുടെ ഗവര്‍ണറായി മിഖേല്‍ ഏയ്ഞ്ചല്‍ റിക്വല്‍മി അധികാരമേറ്റതിന് പിന്നാലെ ലഹരി സംഘങ്ങള്‍ക്കെതിരെ കര്‍ശനമായി നടപടികളാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ ആഴ്‌ച മെക്‌സിക്കന്‍ ലഹരിമരുന്ന് സംഘങ്ങളെ ആഗോള ഭീകരന്‍മാരായി പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. മെക്‌സിക്കോയുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഇത്തരം ലഹരിമരുന്ന് സംഘങ്ങള്‍ അമേരിക്കയ്‌ക്കും ഭീഷണിയാണ്. അമേരിക്കയിലേക്കെത്തുന്ന ഭൂരിഭാഗം ക്രിമിനലുകളുടെയും, ലഹരിവസ്‌തുക്കളുടെയും ഉറവിടം മെക്‌സിക്കോയാണ്. എന്നാല്‍ ലഹരി സംഘങ്ങളെ അടിച്ചമര്‍ത്താന്‍ അമേരിക്ക സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും മെക്‌സിക്കന്‍ സര്‍ക്കാര്‍ അത് സ്വീകരിച്ചിട്ടില്ല.