അഗര്‍ത്തല: കൊടും പീഡനത്തിന് ഇരയായി മറ്റൊരു പെണ്‍കുട്ടികൂടി കൊല്ലപ്പെട്ടു. ത്രിപുരയില്‍ കാമുകനും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം തീക്കൊളുത്തിയ പെണ്‍കുട്ടിയാണ് മരിച്ചത്. ശനിയാഴ്ച്ചയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കാമുകനും ഇയാളുടെ മാതാവും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
രണ്ട് മാസംമുന്‍പ് പെണ്‍കുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. അജോയ് രുദ്രപാല്‍ എന്ന പേരുള്ള ആളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അജോയ് 50,000 രൂപ ആവശ്യപ്പെട്ടെന്നും എന്നാല്‍ 17,000 രൂപ മാത്രമാണ് കൊടുക്കാനായതെന്നും കുടുംബം പറയുന്നു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച നാട്ടുകാര്‍ പ്രതികളായ അമ്മയെയും മകനെയും ആക്രമിച്ചിരുന്നു. ആശുപത്രിയില്‍ വച്ച് അറസ്റ്റ് ചെയ്ത അജോയിയെ ശാന്തിബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സാമൂഹ്യ മാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ശേഷം വീട്ടിലെത്തി പ്രതി വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടി. പെണ്‍കുട്ടിയെ കാണാതായ ഉടനെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ പൊലീസ് സഹായിച്ചില്ലന്ന് പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. രണ്ട് തവണ പണം ആവശ്യപ്പെട്ടപ്പോഴും പൊലീസിനെ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. വെള്ളിയാഴ്‌ച അജോയിയുടെ മതാവിന് 17,000രൂപ ബാങ്ക് വഴി നല്‍കി. എന്നാല്‍ 50,000 രൂപ നല്‍കാതെ പെണ്‍കുട്ടിയെ തിരികെ അയക്കില്ലെന്ന് ഇവര്‍ പറഞ്ഞു.