ലക്‌നൗ: ഗോരാഖ്‌പൂരില്‍ 14 വയസുകാരനെ തട്ടികൊണ്ട് പോയി മണിക്കൂറുകള്‍ക്കകം കൊന്നു. ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. പിപ്രാച്ച് സ്വദേശിയായ മഹാജന്‍ ഗുപ്‌തയുടെ മകനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ദയാനന്ദന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്‌ച വൈകുന്നേരം കളിക്കാന്‍ പോയ മകനെ കാണാതായതിന് പിന്നാലെ ഒരു കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍ നിന്നും ഫോണ്‍ കോള്‍ വന്നതായി പിതാവ് മഹാജന്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയെ ഞായറാഴ്‌ച രാത്രി തന്നെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കെവാതിയിലെ വിജനമായ ഒരു പ്രദേശത്ത് ഉപേക്ഷിച്ചതായി പിടിയിലായ ദയാനന്ദന്‍ പറഞ്ഞു.
വിദ്യാര്‍ഥിയുടെ മൃതദേഹം തിങ്കളാഴ്‌ച പൊലീസ് കണ്ടെടുത്തു. പിടിയിലായ ദയാനന്ദനാണ് വിദ്യാര്‍ഥിയെ തട്ടികൊണ്ട് പോകാന്‍ ആസൂത്രണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയുടെ പിതാവിനെ സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ദയാനന്ദന് നേരത്തെ അറിയാം. ഇയാളുടെ മകനെ വച്ച് വിലപേശി പണം തട്ടാനായിരുന്നു ശ്രമം. സംഭവത്തില്‍ ഇയാളെ സഹായിച്ച പ്രദേശവാസികളായ റിങ്കു ഗുപ്‌ത, നിതീഷ് പസ്‌വാന്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി ഗോരാഖ്‌പൂര്‍ എസ്‌എസ്‌പി സുനില്‍ കുമാര്‍ ഗുപ്‌ത പറഞ്ഞു. സംഭവത്തില്‍ യുപി മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.