മെക്‌സിക്കോ സിറ്റി : വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ മയക്കുമരുന്ന് മാഫിയകളുടെ ആക്രമണങ്ങളും മനുഷ്യക്കടത്തും സാധാരണമാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നരഹത്യ നിരക്കുള്ള മെക്‌സിക്കോയിൽ നിന്നുള്ള പുതിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ ജാലിസ്‌കോ ന്യൂ ജനറേഷൻ നേതൃത്വം നൽകുന്ന കോൾ സെന്‍ററിലെ ജോലി ഉപേക്ഷിക്കാൻ ശ്രമിച്ച എട്ട് ജീവനക്കാർ അതിദാരുണമായി കൊല്ലപ്പെട്ടതായാണ് വാർത്തകൾ.
പടിഞ്ഞാറൻ മെക്‌സിക്കോ നഗരമായ ഗ്വാഡലഹാരയിൽ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്‌ടങ്ങൾ വനത്തിൽ കണ്ടെത്തിയിരുന്നു. ജോലിസ്ഥലത്ത് നിന്ന് തിരികെ എത്താത്തിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഗ്വാഡലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വെട്ടിമുറിച്ച നിലയിൽ 45 ബാഗുകളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കാണാതായ കോൾ സെന്‍റർ ജീവനക്കാരുടേതാണെന്ന് ജാലിസ്കോയിലെ ഫോറൻസിക് ഉദ്യോഗസ്ഥർ തിങ്കളാഴ്‌ച (ജൂൺ 5) പുറത്തിറക്കിയ പ്രസ്‌താവനയിൽ സ്ഥിരീകരിച്ചത്. കണ്ടെത്തിയ മൃതദേഹങ്ങൾക്കിടയിൽ യുവാക്കളിൽ ഒരാളുണ്ടോ എന്ന സംശയം ആദ്യം തന്നെ പൊലീസിന് ഉണ്ടായിരുന്നു. എന്നാൽ മരണപ്പെട്ടയാളുകളുടെ വ്യക്തിവിവരങ്ങൾ ഫോറൻസിക് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.
മെയ് 20 നും മെയ് 22 നും ഇടയിലാണ് മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപൻ നഗരത്തിൽ എട്ട് പേരെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചത്. കാണാതായ എല്ലാവരും ഒരേ കോൾ സെന്‍ററിൽ ജോലി ചെയ്യുന്നവരായിരിന്നു. ആറ് പുരുഷന്മാരും രണ്ട് സ്‌ത്രീകളുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. അവരിൽ രണ്ട് പേർ ഒഴികെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്.
തങ്ങളുടെ കുട്ടികൾ ഒരു സാധാരണ കോൾ സെന്‍ററിലാണ് ജോലി ചെയ്യുന്നതെന്നാണ് കുടുംബങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഇവർ ജോലി ചെയ്‌തിരുന്ന കോൾ സെന്‍റർ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തരായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലാണ് ഓഫിസ് നടത്തിക്കൊണ്ടിരുന്നത്.
മയക്കുമരുന്ന് കടത്ത്, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയ്‌ക്ക് പുറമെ യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ് വ്യവസായികളെയും ഇവർ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. വ്യവസായികളുടെ ടൈംഷെയറുകൾ വാങ്ങുന്നതിനായി വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതിനായാണ് ഈ സംഘം കോൾ സെന്‍ററുകൾ നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.