ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അപ്പീല്‍ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍ (Yemen Court Rejects Appeal Against Death Sentence Of Nimisha Priya). ഇതോടെ യെമൻ രാഷ്ട്രപതിക്ക് (President of Yemen) മാത്രമേ ഇനി വധശിക്ഷ ഒഴിവാക്കാൻ കഴിയൂ എന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി (Premakumari) സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രസർക്കാരിന്‍റെ അഭിഭാഷകൻ ഇക്കാര്യം വാക്കാല്‍ കോടതിയെ അറിയിച്ചത്.
2017 ജൂലൈ 25ന് യെമന്‍ പൗരന്‍ തലാല്‍ അബ്‌ദുമഹ്‌ദിയെ (Talal Abdo Mahdi) കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ യെമൻ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. ശിക്ഷയില്‍ ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോള്‍ യെമൻ സുപ്രീം കോടതിയും തള്ളിയത്.
യെമൻ സന്ദർശിക്കാൻ അനുമതി: സുപ്രീംകോടതി നിമിഷയുടെ അപ്പീൽ തള്ളിയ സാഹചര്യത്തിൽ അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് പ്രേമകുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹർജിക്കാരിയുടെ ആവശ്യത്തിൽ ഒരാഴ്‌ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. യെമനിലേക്ക് ആരൊക്കെ പോകുന്നുണ്ടെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അപ്പീൽ തളളിയത് അപ്രതീക്ഷിതം: യെമൻ സുപ്രീം കോടതി മകളുടെ അപ്പീൽ തളളിയ നടപടി അപ്രതീക്ഷിതമെന്നായിരുന്നു നിമിഷപ്രിയയുടെ അമ്മയുടെ പ്രതികരണം. മകളെ കാണാനാവുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു. വധശിക്ഷ ഒഴിവാക്കാൻ യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രം പറയുന്നതെങ്കിലും നിമിഷ കൊലപ്പെടുത്തിയ വ്യക്തിയുടെ കുടുംബം ശരീയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേമകുമാരിയുടെ വാദം.
ദയാധനവും മാപ്പും : യെമനിലെ നിയമം അനുസരിച്ച് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം പ്രതിക്ക് മാപ്പുനൽകിയാൽ ശിക്ഷായിളവ് ലഭിക്കും. ഇതിനായി കുടുംബം ആവശ്യപ്പെടുന്ന തുക ദയാധനമായി (ബ്ലഡ് മണി) നല്‍കേണ്ടിവരും. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്‍റെ കുടുംബം ഇത്തരത്തില്‍ ചർച്ചയ്ക്ക് തയാറാണെന്നും, 50 ദശലക്ഷം യെമൻ റിയാൽ (ഒന്നര കോടിയോളം ഇന്ത്യന്‍ രൂപ) ദയാധനം നൽകേണ്ടി വരുമെന്നും യെമൻ ജയില്‍ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഇത് നിഷേധിച്ചു.
Also Read: നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും : എസ് ജയ്‌ശങ്കര്‍