ഹൈദരാബാദ്: ഇന്ന് ലോക പോളിയോ ദിനം (World Polio Day 2023). പോളിയോ വിമുക്ത ലോകത്തിനായുള്ള ആഗോള ശ്രമങ്ങളെ ഉയർത്തിക്കാണിക്കാനും പോളിയോ നിർമാജന പോരാട്ടത്തിൽ മുൻനിരയിലുള്ളവരുടെ നിർണായക സംഭാവനകളെ ആദരിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും ഒക്‌ടോബർ 24-ന് ഐക്യരാഷ്‌ട്ര സഭ പോളിയോ ദിനമായി ആചരിക്കുന്നത്. പോളിയോ വൈറസ് നിർമാർജനത്തിൽ വിജയം കൈവരിക്കാനായിട്ടുണ്ടെങ്കിലും വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
എന്താണ് പോളിയോ..? പോളിയോ വൈറസ് ബാധയെത്തുടർന്ന് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള വ്യാപനത്തിന് പേരുകേട്ട രോഗമാണ് പോളിയോമെലിറ്റിസ് അഥവാ പോളിയോ (Poliomyelitis, polio). അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണിത്. രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്ന വൈറസ്, കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നതോടെ പക്ഷാഘാതത്തിലേക്കും ആജീവനാന്ത പ്രത്യാഘാതങ്ങളിലേക്കും നയിക്കും.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ രോഗത്തെ കുറയ്‌ക്കുന്നതിനും പൂർണ്ണമായും ഇല്ലാതാക്കുന്നതിലും വിജയം കൈവരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സർക്കാറുകൾ, ആരോഗ്യ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നിതാന്ത പരിശ്രമത്തെ തുടർന്നാണ് പോളിയോ വൈറസിനെ തുടച്ചുനീക്കുന്നതിൽ കാര്യമായ പുരോഗതി നേടിയത്. 1988 മുതൽ ലോകത്താകമാനം പോളിയോ രോഗബാധിതരുടെ എണ്ണത്തിൽ 99 ശതമാനം കുറവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പോളിയോ നിർമാർജനം: 1988-ൽ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പോളിയോ നിർമാർജനത്തിനായി ക്യമ്പയിനുകൾ ആരംഭിച്ചത്. ലോകാരോഗ്യ സംഘടന (WHO), യുണിസെഫ് (UNICEF), യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, റോട്ടറി ഇന്‍റർനാഷണൽ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗവി വാക്‌സിൻ അലയൻസ് തുടങ്ങിയ ഫൗണ്ടേഷനുകളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ഈ മഹത്തായ ശ്രമത്തിൽ കൈകോർത്തു (Global Polio Eradication Initiative).
ഈ സംയുക്ത ക്യാമ്പെയിനുകളുടെ ഫലങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. 1988 മുതൽ, പോളിയോ വൈറസ് കേസുകൾ 99% കുറഞ്ഞു. ആ സമയത്ത് 125 രാജ്യങ്ങളിലായി കദേശം 350,000 കേസുകൾ ഉണ്ടായിരുന്നു. 2021ൽ വെറും ആറ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ടൈപ്പ്-1 (WPV1), ടൈപ്പ്-2 (WPV2), ടൈപ്പ്-3 (WPV3) എന്നിങ്ങനെ മൂന്ന് തരത്തിലാണ് വൈൽഡ് പോളിയോ വൈറസ് കാണപ്പെടുന്നത്. 1999-ൽ WPV2 പൂർണമായും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. 2020-ലാണ് WPV3 തുടച്ചുനീക്കിയത്. 2022-ലെ റിപ്പോർട്ടുകൾ അനുസരിച്ച് പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നി രാജ്യങ്ങളിൽ മാത്രമാണ് ടൈപ്പ്-1 കേസുകളുള്ളത്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ അഫ്ഗാനിസ്ഥാനിൽ അഞ്ച് പുതിയ കേസുകളാണുള്ളത്.
2022-ൽ, 115-ലധികം രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും ലോകനേതാക്കളും ഉൾപ്പെടെ 3,000-ത്തിലധികം പ്രതിനിധികഎ3,000-ത്തിലധികൾ ജർമൻ തലസ്ഥാനമായ ബെർലിനിൽ ഒത്തുകൂടി. 2026-ഓടെ പോളിയോ നിർമാർജനത്തിനായി കൈകോർത്ത യോഗം 2.6 കോടി ഡോളറിന്‍റെ സഹായമാണ് നൽകിയത്. പോളിയോ നിർമാർജ്ജനത്തിന് അവശേഷിക്കുന്ന തടസങ്ങൾ നീക്കം ചെയ്യുക എന്നതാണ് ലക്ഷ്യം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം 370 ദശലക്ഷം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനും ഉയർന്ന അപകടസാധ്യതയുള്ള 50 രാജ്യങ്ങളിൽ നിരീക്ഷണം സുഗമമാക്കാനും ഇത് സഹായിക്കും.
പോളിയോ ഇന്ത്യയിൽ.. 2013 ജനുവരി 13-ന് ഇന്ത്യ പോളിയോ വിമുക്ത പദവി നേടി. ഒരു കേസും റിപ്പോർട്ട് ചെയ്യാതെ 12 വർഷമാണ് പിന്നിട്ടത്. 2011 ജനുവരി 13-ന് പശ്ചിമ ബംഗാളിലെ ഹൗറയിലാണ് അവസാന കേസ് റിപ്പോർട്ട് ചെയ്‌തത്. രണ്ട് വയസുള്ള പെൺകുഞ്ഞിനാണ് രോഗം കണ്ടെത്തിയത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നി രാജ്യങ്ങളിൽ നിന്നും വൈറസ് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയിൽ ഇപ്പോഴും കുട്ടികൾക്ക് പോളിയോ പ്രതിരോധ മരുന്ന് നൽകുന്നത്.