നയ്‌റോബി: എത്യോപ്യയിലെ വംശീയ ആക്രമണത്തിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികൾ. എത്യോപ്യയിലെ ഒറോമിയ മേഖലയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ കൂടുതലും അംഹാര വംശജരാണെന്നും സാക്ഷികൾ പറയുന്നു.
- സാക്ഷികൾ പറയുന്നു; സമീപകാലത്തുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണിത്, ഏകദേശം 230 മൃതദേഹങ്ങൾ എണ്ണിക്കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്യുകയാണ്. ഫെഡറൽ ആർമി യൂണിറ്റുകൾ എത്തിയിട്ടുണ്ട്. പക്ഷെ അവർ പോയാൽ വീണ്ടും ആക്രമണം തുടരുമെന്ന് ഭയപ്പെടുന്നു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട ഗിംബി കൗണ്ടിയിലെ താമസക്കാരനായ അബ്‌ദുല്‍-സെയ്‌ദ് താഹിർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
- വീണ്ടും കൂട്ടക്കൊലകൾ ഉണ്ടാകുന്നതിന് മുൻപ് പ്രാദേശിക അംഹാര സമൂഹം മറ്റെവിടേക്കെങ്കിലും മാറാനുള്ള ശ്രമത്തിലാണ്. 30 വർഷം മുൻപ് ഈ പ്രദേശത്ത് പുനരധിവാസ പരിപാടികളിൽ കുടിയേറിയ അംഹാര വംശജർ ഇപ്പോൾ ക്രൂരമായി കൊല്ലപ്പെടുകയാണെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ ഷാംബെൽ പറഞ്ഞു.
ആക്രമണത്തിന് ഒറോമോ ലിബറേഷൻ ആർമിയെയാണ് (ഒഎൽഎ) ദൃക്‌സാക്ഷികൾ കുറ്റപ്പെടുത്തുന്നത്. ഒറോമിയ പ്രാദേശിക സർക്കാരും ഒരു പ്രസ്‌താവനയിൽ ഒഎൽഎയെ കുറ്റപ്പെടുത്തി. എന്നാൽ ഒഎൽഎ ഈ ആരോപണങ്ങളെ നിഷേധിച്ചു.
സർക്കാർ നിയോഗിച്ച എത്യോപ്യൻ മനുഷ്യാവകാശ കമ്മിഷൻ ഞായറാഴ്‌ച ഫെഡറൽ ഗവൺമെന്‍റിനോട് സിവിലിയന്മാരുടെ കൊലപാതകത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും അത്തരം ആക്രമണങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാനും ആവശ്യപ്പെട്ടു.