ലോസ്ആഞ്ചലസ്: ഓസ്‌കര്‍ വേദിയില്‍ അവതാരകനായ കോമഡി താരം ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചതില്‍ പരസ്യമായി മാപ്പ് ചോദിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത്. വില്‍ സ്‌മിത്തിന്‍റെ ഭാര്യ ജെയ്‌ഡ പിന്‍കറ്റിനെ കുറിച്ച് നടത്തിയ പരമാര്‍ശത്തില്‍ ക്ഷുഭിതനായാണ് ഓസ്‌കര്‍ അവാര്‍ഡ് നിശയെ ഞെട്ടിച്ചുകൊണ്ട് വില്‍ സ്‌മിത്ത് ക്രിസ് റോക്കിന്‍റെ മുഖത്തടിച്ചത്. തന്‍റെ പെരുമാറ്റം ഒരുതരത്തിലും ന്യായികരിക്കാന്‍ കഴിയുന്നതല്ലെന്ന് വില്‍ സ്‌മിത്ത് ഇറക്കിയ മാപ്പപേക്ഷയില്‍ പറയുന്നു.
ക്രിസ് റോക്കിനോടും, ഓസ്‌കര്‍ അക്കാദമിയോടും, പ്രേക്ഷകരോടുമാണ് വില്‍ സ്‌മിത്ത് മാപ്പപേക്ഷ നടത്തിയത്. ഓസ്‌കര്‍ അക്കാദമി വില്‍ സ്‌മിത്തിനെ അപലപിച്ചിരുന്നു. സംഭവത്തില്‍ അക്കാദമി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് ശേഷമുള്ള പ്രസംഗത്തില്‍ മുഖത്തടിച്ച സംഭവത്തില്‍ വില്‍ സ്‌മിത്ത് മാപ്പ് പറഞ്ഞെങ്കിലും ക്രിസ് റോക്കിനോട് നേരിട്ട് മാപ്പ് പറഞ്ഞിരുന്നില്ല. ഇതില്‍ വലിയ പ്രതിഷേധം വില്‍ സ്‌മിത്തി നേരിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്രിസ് റോക്കിന്‍റെ പേര് പറഞ്ഞ് കൊണ്ടുതന്നെ വില്‍ സ്‌മിത്ത് മാപ്പപേക്ഷ നടത്തിയത്.
എല്ലാ തരത്തിലുള്ള അക്രമവും നശീകരണസ്വഭാവമുള്ളതാണെന്ന് സ്‌മിത്തിന്‍റെ മാപ്പപേക്ഷിച്ചുകൊണ്ടുള്ള പ്രസ്‌താവനയില്‍ വ്യക്തമാക്കി. "ഓസ്‌കര്‍ അവാര്‍ഡ് നിശയിലെ എന്‍റെ പെരുമാറ്റരീതി ഒരു തരത്തിലും ന്യായികരിക്കാന്‍ കഴിയാത്തതാണ്. ജെയ്‌ഡയുടെ ആരോഗ്യപരമായ കാര്യങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ തമാശ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് ഞാന്‍ വൈകാരികമായി പ്രതികരിച്ചു. ക്രിസ് , താങ്കളോട് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു. എന്‍റെ പെരുമാറ്റത്തില്‍ ഞാന്‍ തന്നെ നാണിക്കുന്നു. സ്നേഹത്തിന്‍റേയും കരുണയുടെയും ലോകത്തില്‍ അക്രമത്തിന് സ്ഥാനമില്ല", വില്‍ സ്മിത്ത് മാപ്പപേക്ഷയില്‍ വ്യക്തമാക്കി.
ALSO READ: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച് വില്‍ സ്‌മിത്ത്; മാപ്പ് പറഞ്ഞ് താരം