സാൻഫ്രാൻസിസ്കോ : പുതിയ ഫീച്ചറുമായി മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ്. സ്റ്റാറ്റസുകളില്‍ ചാനലുകള്‍ അടക്കമുള്ളവയുടെ പരസ്യങ്ങള്‍ ലഭ്യമാകുമെന്ന് വാട്‌സ്‌ആപ്പ് കമ്പനി മേധാവി വില്‍ കാത്ത്‌കാര്‍ട്ട് പറഞ്ഞു. എന്നാല്‍ ഇവ ലഭിക്കുക പ്രധാന ഇന്‍ബോക്‌സില്‍ അല്ലെന്നും അദ്ദേഹം അറിയിച്ചു.
ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്ത്‌കാര്‍ട്ട് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ പ്രധാന ചാറ്റില്‍ പരസ്യങ്ങളൊന്നും നല്‍കാന്‍ കമ്പനി പദ്ധതിയിടുന്നില്ലെന്നും എന്നാല്‍ സ്റ്റാറ്റസുകള്‍ക്ക് താഴെ ഇവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാനല്‍ വരിക്കാരാകാന്‍ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കിയേക്കും.
പണം അടയ്‌ക്കുന്ന ഗുണഭോക്താക്കള്‍ക്ക് മാത്രമെ ചാനല്‍ പോലുള്ളവയുടെ പരസ്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും കാത്ത്‌കാര്‍ട്ട് പറഞ്ഞു. പുതിയ ഫീച്ചറുകള്‍ ചാനല്‍ ഉടമകള്‍ക്ക് ഏറെ പ്രയോജനകരമായേക്കും. ഇതിലൂടെ ചാനല്‍ പ്രമോട്ട് ചെയ്യാന്‍ ഉടമകള്‍ താത്‌പര്യം പ്രകടിപ്പിക്കും. എന്നാലും 'ഞങ്ങള്‍ നിങ്ങളുടെ ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ നല്‍കില്ല' യെന്ന് കാത്ത്‌കാര്‍ട്ട് പറഞ്ഞു.
കമ്പനി ഇതുവരെയും ഒരു രാജ്യത്തും ഇത്തരം ഫീച്ചറുകള്‍ പരീക്ഷിച്ചിട്ടില്ല. ഇന്ത്യയില്‍ മാത്രം വാട്‌സ്‌ആപ്പിന് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനിയ്‌ക്ക് കൂടുതല്‍ വരുമാനം ലഭിച്ചേക്കാം, എന്നാല്‍ അതിലുപരി പരസ്യങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യമെന്നും കാത്ത്‌കാര്‍ട്ട് വ്യക്തമാക്കി.
അടുത്തിടെ വേറെയും ഫീച്ചര്‍ : വാട്‌സ്‌ആപ്പില്‍ അടുത്തിടെയാണ് ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്‌ക്ക് വേഗത്തില്‍ റിപ്ലേ നല്‍കാനാകുന്ന അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചത്. വീഡിയോയും ദൃശ്യങ്ങളും കണ്ടു കൊണ്ടിരിക്കെ റിപ്ലേ നല്‍കുന്നതായിരുന്നു ഫീച്ചര്‍. മറ്റുള്ളവരുമായുള്ള മെസേജിങ് തടസപ്പെടാതിരിക്കാനാണ് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
Also Read: ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഒരേ സമയം ഉപയോഗിക്കാം: പുതിയ ഫീച്ചര്‍