മോസ്കോ (റഷ്യ) : മോസ്‌കോ തങ്ങളുടെ ആദ്യ ബാച്ച് ആണവായുധങ്ങൾ ബെലറൂസിലേക്ക് അയച്ചതായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. കൂടുതൽ ആണവായുധങ്ങൾ വേനൽ അവസാനത്തോടെ അയക്കുമെന്ന് സെന്‍റ് പീറ്റേഴ്‌സ്‌ബർഗ് ഇന്‍റർനാഷണൽ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്‌ത് പുട്ടിൻ പറഞ്ഞു. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള രാജ്യത്ത് തന്ത്രപരമായി ആണവ ബോംബുകൾ വിന്യസിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റഷ്യ ആണവായുധങ്ങൾ നിർമിക്കുന്നത്.
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടെന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണിതെന്ന് യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പുടിൻ പ്രതികരിച്ചു. യുക്രൈന് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നോണം ആണവായുധങ്ങൾ സ്ഥാപിക്കുന്നതെന്ന് പുടിൻ മുൻപ് അറിയിച്ചിരുന്നു. യുക്രൈന് യുറേനിയം അടങ്ങിയ ആയുധങ്ങൾ നൽകാൻ യുകെ സർക്കാർ തീരുമാനിച്ചതും പുടിനെ പ്രകോപിപ്പിച്ചു.
മൂന്നിരട്ടി ശക്തിയുള്ള ആണവായുധങ്ങൾ : റഷ്യയിൽ നിന്നുള്ള ബോംബുകളുടെയും മിസൈലുകളുടെയും ആദ്യ ബാച്ച് ലഭിച്ചെന്ന് ഈ ആഴ്‌ച ബെലറൂസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോ പറഞ്ഞിരുന്നു. റഷ്യയിൽ നിന്ന് ലഭിച്ച ബോംബുകൾക്ക് ഹിരോഷിമയിലും നാഗസാക്കിയിലും വിക്ഷേപിച്ചതിനേക്കാൾ മൂന്നിരട്ടി ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ നടത്തിയ ആദ്യത്തെ ആണവായുധ കൈമാറ്റമാണിത്.
റഷ്യയ്‌ക്കെതിരെ യുക്രൈൻ സൈന്യം യുദ്ധത്തിൽ വൻതോതിലുള്ള പ്രത്യാക്രമണമാണ് നടത്തിയത്. എന്നാൽ ആണവായുധങ്ങൾ പ്രതിരോധത്തിനായി മാത്രമേ ഉപയോഗിക്കൂ എന്ന് ലുകാഷെങ്കോ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ബെലറൂസിൽ ആണയുധങ്ങൾ സ്ഥാപിക്കുന്ന തീരുമാനം ബെലറൂസിന്‍റെ അസ്ഥിരീകരണത്തിലേയ്‌ക്കുള്ള ചുവടുവെപ്പാണെന്നും രാജ്യത്ത് റഷ്യയെയും പുടിനേയും കുറിച്ചുള്ള നിഷേധാത്മക ധാരണയുടെ തോത് വർധിപ്പിക്കുമെന്നും ക്രെംലിൻ ബെലറൂസിനെ ആണവ ബന്ദിയാക്കിയെന്നും യുക്രൈനിലെ ദേശീയ സുരക്ഷ പ്രതിരോധ സെക്രട്ടറി ട്വീറ്റ് ചെയ്‌തിരുന്നു.
Also Read : ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കാൻ റഷ്യ; യുഎൻ സുരക്ഷ കൗൺസിലിന്‍റെ അടിയന്തര യോഗം വിളിച്ച് യുക്രെയ്ൻ
നാറ്റോ അംഗത്വം നേടി ഫിൻലൻഡ് : അതേസമയം യുക്രൈൻ-റഷ്യ യുദ്ധത്തിന് പിന്നാലെ ഏപ്രിൽ നാലിന് ഫിൻലൻഡ് നാറ്റോയുടെ ഏറ്റവും പുതിയ അംഗമായി. റഷ്യയുമായി 1,340 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ഫിൻലന്‍ഡ് 30 അംഗരാഷ്‌ട്രങ്ങളുടേയും പിന്തുണയോടെ നാറ്റോ അംഗത്വം നേടുകയായിരുന്നു. ആദ്യ ഘട്ടത്തിൽ തുർക്കി എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഭിന്നത പരിഹരിച്ചതോടെ ഫിൻലൻഡിന് അംഗത്വം ലഭിച്ചു. അതേസമയം നാറ്റോ അംഗത്വം തേടിയ സ്വീഡന്‍റെ അപേക്ഷ ഇതുവരെയും തുർക്കി അംഗീകരിച്ചിട്ടില്ല.
ക്രെംലിൻ ആക്രമണം : മെയ് മൂന്നിന് വ്‌ളാഡിമിർ പുടിന്‍റെ മോസ്‌കോയിലെ ക്രെംലിൻ കോട്ടാരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇത് റഷ്യയുടെ ബോധപൂർവമായ പദ്ധതിയാണെന്നായിരുന്നു യുക്രൈൻ വാദം. അതേസമയം പുടിനെ വധിക്കാൻ യുക്രൈൻ നടത്തിയ ആക്രമണമാണിതെന്നായിരുന്നു റഷ്യയുടെ വാദം.
Also Read : ക്രെംലിൻ ആക്രമണം; റഷ്യ തന്നെ നടത്തിയതാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്