ടൊറന്‍റോ: കാനഡയില്‍ സന്ദര്‍ശക പദവിയുള്ളവര്‍ക്ക് (visitor status) ജോബ് ഓഫര്‍ ലഭിക്കുകയാണെങ്കില്‍ ആ രാജ്യത്ത് നിന്ന് പോകാതെ തന്നെ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കാമെന്ന് ഐആര്‍സിസി(Refugees and Citizenship Canada) അറിയിച്ചു. കൊവിഡ് സമയത്ത് താത്‌കാലിക അടിസ്ഥാനത്തില്‍ എടുത്ത നയം നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ നയം ഫെബ്രുവരി 28, 2025വരെയാണ് നീട്ടിയത്.
ഈ നയം വരുന്നതിന് മുമ്പ് കാനഡയില്‍ ജോലിക്കായി അപേക്ഷിക്കുന്നവര്‍ ആ രാജ്യത്ത് വരുന്നതിന് മുമ്പ് പ്രാഥമിക വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടതുണ്ടായിരുന്നു. വിസിറ്റര്‍ എന്ന സ്റ്റാറ്റസില്‍ കാനഡയില്‍ ഉള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഇഷ്യു ചെയ്യപ്പെടുന്നതിന് മുമ്പായി കാനഡയില്‍ നിന്ന് പോകേണ്ടതുമുണ്ടായിരുന്നു.
പുതിയ നയം വന്നതോടുകൂടി കാനഡ വിട്ട് പോകണമെന്ന് നിര്‍ബന്ധമല്ലാതായി മാറിയിരിക്കുകയാണ്. കാനഡയില്‍ വിസിറ്റര്‍ ആണെന്നുള്ള നിയമപരമായ പദവിയുള്ളവര്‍ക്ക് LMIA (labour market impact assessment) അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടതോ അല്ലങ്കില്‍ LMIA നിബന്ധനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോ ആയ ജോബ് ഓഫറുകള്‍ ലഭിക്കുമ്പോഴാണ് ഈ നയത്തിന്‍റെ ഗുണഭോക്താക്കളായി അവര്‍ മാറുക.
തൊഴില്‍ദാതാവ് ESDC (Employment and Social Development Canada)ക്ക് നല്‍കുന്ന ആപ്ലിക്കേഷനാണ് LMIA. ഒരു വിദേശിയെ ജോലിക്കെടുക്കുമ്പോള്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കുണ്ടാകുന്ന പോസിറ്റീവോ, നെഗറ്റീവോ, ന്യൂട്രലോ ആയ ആഘാതം LMIA വിലയിരുത്തുന്നു. വിദേശിയെ ജോലിക്കെടുക്കുമ്പോഴുള്ള ആഘാതം നെഗറ്റീവാണെന്ന് ESDC വിലയിരുത്തുകയാണെങ്കില്‍ ആ നിയമനത്തിന് നിയമപരമായ അംഗീകാരം ഉണ്ടാവില്ല.