വാഷിങ്ടണ്‍: ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടിക് ടോക് നിരോധിക്കാന്‍ നിയമ നിര്‍മാണവുമായി മുന്നോട്ട് പോകുമെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ് സ്‌പീക്കര്‍ കെവിന്‍ മക്കാര്‍ത്തി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ ടിക് ടോക് നിരോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെ ആണ് കെവിന്‍ മക്കാര്‍ത്തിയുടെ പ്രഖ്യാപനം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാങ്കേതിക കൂടാരങ്ങളില്‍ നിന്ന് അമേരിക്കക്കാരെ രക്ഷിക്കാന്‍ നിയമനിര്‍മാണവുമായി യുഎസ് ഭരണകൂടം മുന്നോട്ട് പോകുമെന്ന് കെവിന്‍ മക്കാര്‍ത്തി വ്യക്തമാക്കി.
ടിക് ടോക് സിഇഒയ്‌ക്ക് സത്യസന്ധത പുലര്‍ത്താന്‍ കഴിയാത്തതിലും ചൈനീസ് സര്‍ക്കാരിന് ടിക് ടോകില്‍ ആക്‌സസ് ഉണ്ടെന്ന കാര്യത്തിലും ആശങ്കയുണ്ടെന്ന് മക്കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു. 'ടിക് ടോക് സി ഇ ഒയ്‌ക്ക് സത്യസന്ധത പുലര്‍ത്താന്‍ സാധിക്കാത്തതും ടിക് ടോക്ക് ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനയ്ക്ക് ആക്‌സസ് ഉണ്ട് എന്നതടക്കം ഞങ്ങള്‍ക്ക് അറിയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിക്കാന്‍ കഴിയാത്തതും വളരെ ആശങ്കാജനകമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാങ്കേതിക കൂടാരങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണവുമായി സഭ മുന്നോട്ട് പോകും', മക്കാര്‍ത്തി ട്വീറ്റ് ചെയ്‌തു.
അതേസമയം വർധിച്ചുവരുന്ന സുരക്ഷ ആശങ്കകൾക്കും കമ്പനിയുടെ മേൽ ചൈനീസ് സർക്കാരിന് സ്വാധീനം ഉണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും ടിക് ടോക്ക് സി ഇ ഒ ഷൗ സി ച്യൂ യുഎസ് കോൺഗ്രസിന് മുമ്പാകെ ഹാജരായിരുന്നു. യുഎസ് ഹൗസ് എനർജി ആന്‍റ് കൊമേഴ്‌സ് കമ്മിറ്റി ടിക് ടോക് സിഇഒയെ ചോദ്യം ചെയ്യുകയുണ്ടായി. ചോദ്യം ചെയ്യുന്ന വേളയില്‍ യുഎസ് നിയമനിർമാതാവ് ഡെബി ലെസ്‌കോ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ടിക് ടോക് നിരോധനത്തെ കുറിച്ച് പ്രതിപാതിച്ചു.
നാല് മണിക്കൂറാണ് ഷൗ സി ച്യൂവിന്‍റെ ചോദ്യം ചെയ്യല്‍ നീണ്ടത്. എന്നാല്‍ ടിക് ടോക് ചൈനീസ് സര്‍ക്കാരുമായി ഡാറ്റ പങ്കിടുന്നില്ലെന്നും ആപ്പ് ഉപടോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അപകട സാധ്യത ഇല്ലെന്നും കമ്പനി സിഇഒ കൗണ്‍സിലിനു മുമ്പാകെ അറിയിച്ചു.
യുഎസില്‍ 150 ദശലക്ഷം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഭീമന്‍മാരെ പോലും പിന്തള്ളിയാണ് അമേരിക്കയില്‍ ടിക് ടോക്കിന്‍റെ വളര്‍ച്ച. മെറ്റ, ഗൂഗിള്‍ എന്നിവയുടെ ആപ്പുകളെക്കാള്‍ യുവാക്കളെ ഏറെ ആകര്‍ഷിച്ചതും ടിക് ടോക് തന്നെ. യുവാക്കളുടെ ടിക് ടോക് ഉപയോഗം മറ്റ് ആപ്പുകളെ അപേക്ഷിച്ച് കൂടുതലാണെന്ന് കണക്കുകളും സൂചിപ്പിക്കുന്നു.
ടിക് ടോക് ഉപയോക്താക്കളായ അമേരിക്കക്കാരുടെ ഡാറ്റ ആപ്പ് ചൈനയിലേക്ക് കടത്തുകയാണ് എന്നാണ് യുഎസ് ഭരണകൂടം ഉയര്‍ത്തുന്ന പ്രധാന ആരോപണം. അമേരിക്കയില്‍ നടക്കുന്ന കാര്യങ്ങള്‍ ടിക് ടോക് ആപ്പ് ഉപയോഗിച്ച് ചൈന നിരീക്ഷിക്കുകയാണെന്നും ആരോപണം ഉണ്ട്. ടിക് ടോക്കിന് അമേരിക്കയില്‍ തുടരണമെങ്കില്‍ ബൈറ്റ്ഡാന്‍സ് ആപ്പിന്‍റെ ഉടമസ്ഥാവകാശം ഒഴിഞ്ഞ് അമേരിക്കന്‍ കമ്പനിക്ക് കൈമാറമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.