വാഷിങ്‌ടൺ : ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്‍റെ (Israel - Hamas war) ഭാഗമായി ഏകദേശം 900 യുഎസ് സൈനികരെ (900 US troops) മിഡിൽ ഈസ്റ്റിൽ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് പെന്‍റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ (Pentagon spokesperson Brigadier General Pat Ryder). ഫോർട്ട് ബ്ലിസ് ടെക്‌സസിൽ നിന്നുള്ള ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് ബാറ്ററി, ഒക്ലഹോമ, ഫോർട്ട് സില്ലിൽ നിന്നുള്ള പാട്രിയറ്റ് ബാറ്ററികൾ, നോർത്ത് കരോലിനയിലെ ഫോർട്ട് ലിബർട്ടിയിൽ നിന്നുള്ള പാട്രിയറ്റ്, അവഞ്ചർ ബാറ്ററികൾ എന്നിവ നിലവിൽ വിന്യസിപ്പിച്ചതും വിന്യപ്പിച്ചുകൊണ്ടിരിക്കുന്നതുമായ യൂണിറ്റുകളാണ്. എന്നാൽ കൃത്യമായി എവിടെയാണ് സേനയെ വിന്യസിപ്പിച്ചിട്ടുള്ളത് എന്നത് ബ്രിഗേഡിയർ വെളിപ്പെടുത്തിയിട്ടില്ല.
പകരം, ഈ സേനകൾ ഇസ്രയേലിലേക്ക് പോകുന്നില്ലെന്നും പ്രാദേശിക പ്രതിരോധ ശ്രമങ്ങളെ പിന്തുണയ്‌ക്കാനും യുഎസ് സേനയുടെ സംരക്ഷണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്‌ടോബർ 17 നും 26 നും ഇടയിൽ യുഎസും സഖ്യസേനയും ഇറാഖിൽ 12 തവണയും സിറിയയിൽ നാല് തവണയും ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റൈഡർ സ്ഥിരീകരിച്ചു. ഇസ്രയേലിന്‍റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്താൻ രണ്ട് യുഎസ് അയേൺ ഡോം (US iron dome systems) സംവിധാനങ്ങൾ നൽകും.
ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ ശേഷി വർധിപ്പിക്കുകയും പൗരന്മാരെ റോക്കറ്റ് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുകയുമാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഗാസയിലേക്ക് മാനുഷിക സഹായം നൽകേണ്ടതിന്‍റെയും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുമെന്നുമുള്ള പ്രതീക്ഷ പ്രകടിപ്പിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി എക്‌സിൽ കുറിച്ചിരുന്നു.
ഒക്‌ടോബർ 23 നാണ് രണ്ട് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതോടെ അമേരിക്കയിലെയും ഇസ്രയേലിലെയുമായി നാല് ബന്ദികളെ മാനുഷിക പരിഗണനയുടെ പേരിൽ ഹമാസ് മോചിപ്പിച്ചിരുന്നു. എന്നാൽ പോലും ഗാസയിൽ ആക്രമണം ശക്തിപ്പെടുത്തുമെന്നാണ് ഇസ്രയേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുള്ളത്. വ്യോമാക്രമണത്തിന് പുറമെ കരയുദ്ധവും ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രയേൽ. ഒക്‌ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 1,400 ലധികം ഇസ്രയേലികൾ കൊല്ലപ്പെട്ടു. അതേസമയം, ഗാസയിൽ മരണം 7000 കടന്നതായാണ് പലസ്‌തീൻ ആരോഗ്യ വിഭാഗം നൽകുന്ന വിവരം.