വാഷിങ്‌ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രവകാശവുമായി ബന്ധപ്പെട്ട ഭരണഘടന പരിരക്ഷയും നിയമസാധുതയും നല്‍കുന്ന 1973ലെ റോ വേഴ്‌സസ് വേഡ് വിധി സുപ്രീം കോടതി അസാധുവാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഗർഭഛിദ്രം നിയമവിധേയമാക്കിയ 1973ലെ റോ വേഴ്‌സസ് വേഡ് വിധി റദ്ദാക്കുന്നതിനെ സുപ്രീം കോടതിയിലെ ഭൂരിപക്ഷം ജഡ്‌ജിമാരും അനുകൂലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന കരട് രേഖ പൊളിറ്റിക്കോ എന്ന ഓണ്‍ലൈന്‍ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതേസമയം, കരട് രേഖയിലേത് അന്തിമ തീരുമാനമല്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്.
9 ജഡ്‌ജിമാരില്‍ കരട് രേഖ തയ്യാറാക്കിയ ജസ്റ്റിസ് അലിതോ, റിപബ്ലിക്കന്‍ പ്രസിഡന്‍റുമാർ നിയമിച്ച മറ്റ് നാല് ജസ്റ്റിസുമാര്‍ എന്നിവരാണ് നിയമം അസാധുവാക്കുന്നതിനെ അനുകൂലിക്കുന്നതെന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് അനുകൂലിച്ചാണോ പ്രതികൂലിച്ചാണോ വോട്ട് ചെയ്യുക എന്ന കാര്യം വ്യക്തമല്ല. ഗര്‍ഭഛിദ്രവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിസിസിപ്പി സ്റ്റേറ്റ് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ഒമ്പതംഗ ബെഞ്ച് ജൂൺ അവസാനമോ ജൂലൈ ആദ്യമോ വിധി പ്രസ്‌താവിച്ചേക്കും.
അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാന വിധി: അമേരിക്കയുടെ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവായ റോ വേഴ്‌സസ് വേഡ് വിധിയിലൂടെയാണ് അമേരിക്കന്‍ സ്ത്രീകൾക്ക് ഗർഭകാലത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭഛിദ്രത്തിനുള്ള സമ്പൂർണ അവകാശവും രണ്ടാം ട്രൈമെസ്‌റ്ററില്‍ പരിമിതമായ അവകാശവും ലഭിച്ചത്. എന്നാൽ പിന്നീടുള്ള വര്‍ഷങ്ങളില്‍ പല സ്റ്റേറ്റുകളും ഗർഭഛിദ്രത്തിനെതിരെയുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. 2021ൽ മാത്രം, രാജ്യവ്യാപകമായി 600 ഗർഭഛിദ്ര നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്, ഇതില്‍ 90 എണ്ണം നിയമമായി.
റോ വേഴ്‌സസ് വേഡ് വിധി സുപ്രീം കോടതി അസാധുവാക്കിയാല്‍, ഓരോ സ്റ്റേറ്റിലും ഗർഭഛിദ്ര നിരോധനം സംബന്ധിച്ച് പ്രത്യേക നിയമങ്ങള്‍ വരും. കാലിഫോര്‍ണിയ പോലുള്ള പുരോഗമന സ്റ്റേറ്റുകള്‍ ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സൗത്ത് ഡക്കോട്ട, അര്‍ക്കാന്‍സസ്, ജോര്‍ജിയ, ഇന്ത്യാന തുടങ്ങി രാജ്യത്തെ ഏതാണ്ട് പകുതിയോളമുള്ള യാഥാസ്ഥിതിക സ്റ്റേറ്റുകളിലും ഗർഭഛിദ്രം നിരോധിക്കപ്പെടുമെന്നാണ് കരുതുന്നത്.
നിയമം അസാധുവാക്കിയാല്‍ തല്‍ഫലമായി ഗർഭഛിദ്രം നിയമവിരുദ്ധമാകുന്ന നിയമങ്ങൾ 13 സ്റ്റേറ്റുകള്‍ ഇതിനകം പാസാക്കിയിട്ടുണ്ട്. ഫ്ലോറിഡ 15 ആഴ്‌ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയിരുന്നു. മിസിസിപ്പിയും സമാന നിയമം മുന്‍പേ പാസാക്കിയ സ്റ്റേറ്റാണ്. ഒക്‌ലഹോമ 6 ആഴ്‌ചകളില്‍ കൂടുതലുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കില്ല. ടെക്‌സസില്‍ പാസായ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒക്‌ലഹോമ ഈ നിയമം കൊണ്ടുവന്നത്.
റോ വേഴ്‌സസ് വേഡ് വിധി: 1969ല്‍ ടെക്‌സാസിലെ 22കാരിയായ നോര്‍മ മക്‌കോർവി (അന്ന് നോർമ 'ജെയ്‌ന്‍ റോ' എന്ന പേരാണ് നല്‍കിയത്) ഡാലസ് കൗണ്ടിയുടെ ജില്ല അറ്റോർണിയായ ഹെന്‍റി വേഡിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ ഗർഭഛിദ്ര നിയമം ഭരണഘടന വിരുദ്ധമാണെന്നും ഭരണഘടനയ്ക്ക് കീഴിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ നിയമം ലംഘിച്ചുവെന്നും ആരോപിച്ചാണ് തൊഴില്‍രഹിതയും അവിവാഹിതയും മൂന്നാം വട്ടം ഗര്‍ഭിണിയുമായ നോർമ മക്‌കോര്‍വി കേസ് നല്‍കിയത്. തുടര്‍ന്ന് 1973ല്‍ നിയമം മക്‌കോര്‍വിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
അവിവാഹിതർക്കും വിവാഹിതർക്കും കുട്ടികൾക്ക് ജന്മം നല്‍കണോ എന്ന് തീരുമാനിക്കാനുള്ള മൗലികാവകാശം പതിനാലാം ഭേദഗതിയിലൂടെ ഒൻപതാം ഭേദഗതിയില്‍ സംരക്ഷിക്കപ്പെടുന്നുവെന്നായിരുന്നു വിധി. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭഛിദ്രം നടത്താനുള്ള ഒരു സ്ത്രീയുടെ തീരുമാനം ആ വ്യക്തിക്കും അവരുടെ ഡോക്‌ടർക്കും വിടണമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ കോടതി വിധി വന്നപ്പോഴേക്കും മക്കോർവി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും കുഞ്ഞിനെ ദത്തെടുക്കാന്‍ നല്‍കുകയും ചെയ്‌തിരുന്നു.
സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളിൽ കൈകടത്തല്‍: അമേരിക്കയില്‍ ഭൂരിഭാഗം ഗര്‍ഭഛിദ്രവും നടത്തുന്നത് 20 വയസുള്ള സ്ത്രീകളാണ്. 2019ലെ റിപ്പോര്‍ട്ട് പ്രകാരം, ഏകദേശം 57 ശതമാനവും ഈ പ്രായ വിഭാഗത്തിലുള്ളവരാണ്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരിലാണ് ഏറ്റവും ഉയർന്ന നിരക്കിൽ ഗർഭഛിദ്രം നടക്കുന്നത്. 15-44 വയസ് പ്രായമുള്ള 1,000 സ്ത്രീകളിൽ 27 പേരാണ് ഗർഭഛിദ്രം നടത്തുന്നത്.
റോ വേഴ്‌സസ് വേഡ് വിധി അസാധുവാക്കിയാല്‍ ദശലക്ഷക്കണക്കിന് വരുന്ന അമേരിക്കൻ സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളിൽ കൈകടത്തലാകുമെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്. ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലെ സ്‌ത്രീകളേക്കാള്‍ റിപബ്ലിക്കന്‍ സ്റ്റേറ്റുകളിലെ സ്‌ത്രീകളെ പ്രത്യേകിച്ച് ദരിദ്രരായ സ്‌ത്രീകളേയായിരിക്കും വിധി ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത്.