ന്യൂഡൽഹി : ഇന്ത്യയിലെത്തിയ അമേരിക്കൻ പൗരനായ മാധ്യമപ്രവർത്തകൻ അംഗദ് സിങ്ങിനെ നാടുകടത്തിയതായി ആരോപിച്ച് കുടുംബം. പഞ്ചാബിലുള്ള കുടുംബത്തെക്കാണാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയ അംഗദ് സിങ്ങിനെ തൊട്ടടുത്ത വിമാനത്തിൽ തന്നെ ന്യൂയോർക്കിലേക്ക് തിരിച്ചയച്ചതായി അദ്ദേഹത്തിന്‍റെ മാതാവും എഴുത്തുകാരിയുമായ ഗുർമീത് കൗർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അമേരിക്കൻ ന്യൂസ് ആൻഡ് എന്‍റർടെയ്ൻമെന്‍റ് കമ്പനിയായ വൈസ് ന്യൂസിലെ മാധ്യമ പ്രവർത്തകനാണ് അംഗദ് സിങ്.
'പഞ്ചാബിലുള്ള കുടുംബത്തെ കാണാൻ 18 മണിക്കൂർ യാത്ര ചെയ്‌ത് ഡൽഹിയിൽ എത്തിയ അമേരിക്കൻ പൗരനായ എന്‍റെ മകനെ അടുത്ത വിമാനത്തിൽ തന്നെ ന്യൂയോർക്കിലേക്ക് നാടുകടത്തി. അവർ അതിനുള്ള കാരണം പറഞ്ഞില്ല. പക്ഷേ പുരസ്കാരങ്ങള്‍ നേടിയ അവന്‍റെ മാധ്യമപ്രവര്‍ത്തനമാണ് അവരെ ഭയപ്പെടുത്തുന്നത്.
മികവുറ്റ വാർത്തകളാണ് അവൻ തയ്യാറാക്കിയിട്ടുള്ളത്. മാതൃരാജ്യത്തോടുള്ള സ്‌നേഹമാണ് അവർക്ക് സഹിക്കാൻ കഴിയാത്തത്' - ഗുർമീത് കൗർ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഇന്ത്യയിലെ കൊവിഡ് മഹാമാരിയെക്കുറിച്ചും, മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ചും സിംഗ് ഡോക്യുമെന്‍ററികൾ നിർമ്മിച്ചിട്ടുണ്ട്. കൊവിഡിന്‍റെ ഡെൽറ്റാ തരംഗത്തെക്കുറിച്ചുള്ള റിപ്പോർട്ട് അദ്ദേഹത്തിന് എമ്മി നോമിനേഷനും നേടിക്കൊടുത്തിരുന്നു.