വാഷിങ്ടണ്‍: പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഖുറാന്‍ അവഹേളനത്തിന് മറുപടിയായി ക്രിസ്‌ത്യ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളിലും പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും അന്വേഷണം നടത്താന്‍ പാകിസ്ഥാന്‍ ഭരണകൂടത്തോട് യുഎസ് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടാകുന്ന അക്രമമോ ഭീഷണികളോ പ്രായോഗികമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്ന ആരോപണത്തിന് പിന്നാലെ ഫൈസലാബാദ് ജരന്‍വാലയില്‍ ഒന്നിലധികം പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ആശങ്ക പ്രകടിപ്പിച്ച് യുഎസ് എത്തിയത്.
പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഖുര്‍ആന്‍ അവഹേളത്തിന് മറുപടിയായി പള്ളികളും വീടുകളും ആക്രമിച്ചതില്‍ തങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നും എല്ലാവരുടെയും മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തങ്ങള്‍ പിന്തുണയ്‌ക്കുന്നുവെന്നും വേദാന്ത് പട്ടേൽ പറഞ്ഞു. വിഷയത്തില്‍ പൂര്‍ണമായും അന്വേഷണം നടത്തണമെന്നും ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നോക്കുകുത്തികളായെന്ന് ആരോപണം: ഫൈസലാബാദ് ജരന്‍വാലയില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് നോക്കുകുത്തികളായി നിന്നുവെന്നും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും ക്രിസ്‌ത്യന്‍ നേതാക്കള്‍ ആരോപിച്ചു. ക്രിസ്‌ത്യാനികള്‍ ഏറെ പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചർച്ച് ഓഫ് പാകിസ്ഥാൻ പ്രസിഡന്റ് ബിഷപ് ആസാദ് മാർഷൽ പറഞ്ഞു. തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊരുതുകയാണെന്നും ബിഷപ് ആസാദ് മാർഷൽ പറഞ്ഞു. രാജ്യത്ത് തങ്ങള്‍ക്ക് സുരക്ഷ വേണമെന്നും മാതൃ രാജ്യത്തിന് സമാധാനപരമായി ജീവിക്കാനുള്ള അവസരം ഒരുക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ ന്യൂനപക്ഷക്കാര്‍ കുറഞ്ഞു: 1947 ല്‍ സ്വാതന്ത്ര്യം നേടി പാകിസ്ഥാനില്‍ അന്നുണ്ടായിരുന്ന 23 ശതമാനത്തില്‍ നിന്നും ന്യൂനപക്ഷ ജനസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്‌സ് ഫോക്കസ് പാകിസ്ഥാൻ പ്രസിഡന്റ് നവീദ് വാൾട്ടർ പറഞ്ഞു. 23 ശതമാനത്തില്‍ നിന്നും വെറും 3 ശതമാനമായിട്ടുണ്ട് ഇപ്പോള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷ ജനസഖ്യയെന്നും അദ്ദേഹം പറഞ്ഞു.
പള്ളികളില്‍ ജനക്കൂട്ട ആക്രമണം: ക്രിസ്‌തുമത വിശ്വാസി ഇസ്‌ലാം മത ഗ്രന്ഥമായ ഖുര്‍ആന്‍ അവഹേളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഫൈസലാബാദില്‍ ക്രിസ്‌ത്യന്‍ പള്ളികളും വീടുകളും ആക്രമിക്കപ്പെട്ടത്. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച, ഷെറോണ്‍വാലി ചര്‍ച്ച് തുടങ്ങിയവയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഒരു പള്ളി പൂര്‍ണമായും കത്തി നശിച്ചു. മറ്റ് പള്ളികള്‍ക്ക് കേടുപാടുകളുണ്ടായി. ഖുര്‍ആനിനെ നിന്ദിച്ചുവെന്ന് ആരോപിക്കപ്പെട്ടയാളുടെ വീടും സംഘം നശിപ്പിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. സംഭവത്തില്‍ കേസെടുത്തതായും ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തുമെന്നും അവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
also read: ഖുർആൻ അവഹേളനം തടയാൻ നിയമപരമായ മാർഗങ്ങൾ തേടാൻ ഒരുങ്ങി ഡെൻമാർക്ക്