കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുമായി സമാധാന ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ കോളുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ പ്രയോഗിക്കുന്ന ആണവായുധങ്ങള്‍ പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്ന് നരേന്ദ്ര മോദി സെലന്‍സ്‌കിയുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇരു രാജ്യങ്ങള്‍ക്ക് ഇടയിലുള്ള സംഘര്‍ഷത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും സമാധാനം സ്ഥാപിക്കാനായി ഇന്ത്യ ഏത് തരത്തിലുമുള്ള സംഭാവനയും നല്‍കാമെന്നും നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌തു. കൂടാതെ പരസ്‌പരമുള്ള ശത്രുത അവസാനിപ്പിക്കാനും നയതന്ത്രത്തിന്‍റെ പാത പിന്തുടരാനും മോദി ആഹ്വാനം ചെയ്‌തു. യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളായ ലുഹാൻസ്‌ക്, ഡൊനെറ്റ്സ്‌ക്, സപ്പോരിജിയ, കെർസൺ എന്നിവിടങ്ങളിലെ ജനഹിതപരിശോധനകളോട് പ്രതികരിച്ച സെലെൻസ്‌കി, യുക്രൈന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാം എന്നുള്ള പുട്ടിന്‍റെ തീരുമാനം സാധ്യമാകില്ലെന്ന് അഭിപ്രായപ്പെട്ടു.
റഷ്യൻ ഫെഡറേഷന്‍റെ നിലവിലെ പ്രസിഡന്‍റുമായി യുക്രൈന്‍ ഒരു ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് സെലെൻസ്‌കി ആവര്‍ത്തിച്ചു പറഞ്ഞു. ചര്‍ച്ചയിലൂടെ സമാധാനപരമായ ഒത്തുതീർപ്പിന് രാജ്യം എപ്പോഴും തയ്യാറാണ്. എന്നാല്‍, ആരംഭഘട്ടത്തില്‍ റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലായിരുന്നു.
ഇന്ത്യയുമായി പങ്കാളിത്തം സ്ഥാപിക്കാനൊരുങ്ങി യുക്രൈന്‍: 'യുഎൻ ജനറൽ അസംബ്ലിയുടെ സെഷനിലെ എന്‍റെ പ്രസംഗത്തിൽ സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ഞാന്‍ വിശദീകരിച്ചു. സമാധാനം നേടുന്നതിനായി പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണെന്ന്' സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രയത്‌നത്തെ യുക്രൈന്‍ പ്രസിഡന്‍റ് അഭിനന്ദിച്ചു. കൂടാതെ ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്ന ഇന്ത്യന്‍ നേതാവിന്‍റെ പ്രസ്‌താവനയോട് സെലന്‍സ്‌കി നന്ദി അറിയിക്കുകയും ചെയ്‌തു.
യുക്രൈനുമേലുള്ള റഷ്യയുടെ അധിനിവേശത്തെ അടിസ്ഥാനമാക്കി ഇന്ത്യയുമായി പങ്കാളിത്തം സ്ഥാപിക്കേണ്ടതിന്‍റെ പ്രധാന്യത്തെക്കുറിച്ച് യുക്രൈന്‍ സംസാരിച്ചു. കൂടാതെ ഇന്ത്യൻ സർക്കാരും സ്വകാര്യമേഖലയും യുക്രൈന് നല്‍കുന്ന സഹായത്തെയും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി. ആഗോള ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച വിഷയവും ഇരു നേതാക്കള്‍ ചര്‍ച്ച ചെയ്‌തു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നേതൃത്വം നല്‍കാമെന്ന് യുക്രൈന്‍: ലോകത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ യുക്രൈന്‍ തയ്യാറാണെന്ന് സെലെൻസ്‌കി വ്യക്തമാക്കി. ഇതിനായി ധാന്യ സംരംഭം കൂടുതൽ നടപ്പിലാക്കുന്നതിന് മുഴുവൻ അന്താരാഷ്‌ട്ര സമൂഹത്തിന്‍റെയും, പ്രത്യേകിച്ച് ഇന്ത്യയുടെ പിന്തുണ ആവശ്യമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ ആണവ ബോംബ് സ്‌ഫോടനം യുക്രൈന് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്ന് സെലെന്‍സ്‌കി അറിയിച്ചു.
യുക്രൈനിലെ സപ്പോരിജിയ ആണവനിലയത്തിന് സമീപമുള്ള ബോംബ് സ്‌ഫോടനങ്ങളെക്കുറിച്ച് അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. സപ്പോരിജിയ ആണവനിലയത്തിന് ചുറ്റുമായി ഒരു ആണവ സുരക്ഷ മേഖല വളരെ വേഗത്തില്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി തുടരുകയാണ്.
യുക്രൈന്‍ ഉള്‍പ്പെടെയുള്ള ആണവ നിലയങ്ങളുടെ സുരക്ഷയ്‌ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യവും പിന്തുണയും സെലന്‍സ്‌കി എടുത്തു പറഞ്ഞു. ആണവനിലയങ്ങള്‍ അപകടത്തിലാക്കുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. അന്താരാഷ്‌ട്ര സംഘടനകള്‍ പ്രത്യേകിച്ച് യുഎന്നുമായി സഹകരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് മോദിയും സെലന്‍സ്‌കിയും ചര്‍ച്ച നടത്തി.
സംഭാഷണത്തിനിടെ പരസ്‌പരമുള്ള പങ്കാളിത്തം ശക്തമാക്കേണ്ടതിന് കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. തുടര്‍ന്ന് സെലന്‍സ്‌കി നരേന്ദ്ര മോദിയെ യുക്രൈന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചു.