അങ്കാറ (തുര്‍ക്കി): തുർക്കിയിലെ ഇസ്‌താംബുളില്‍ വച്ച് യുക്രൈന്‍-റഷ്യൻ ചർച്ചയുടെ അടുത്ത ഘട്ടം നടത്താൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനും റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിനും സമ്മതിച്ചതായി തുർക്കി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. മുഖാമുഖ ചർച്ചകൾ മാർച്ച് 29-30 തിയതികളിൽ നടക്കുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തിന്‍റെ തലവൻ വ്‌ളാദ്മിർ മെഡിൻസ്‌കി പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചർച്ചകളുടെ അടുത്ത ഘട്ടം തുർക്കിയിൽ നടക്കുമെന്ന് യുക്രൈന്‍ പ്രതിനിധി സംഘത്തിലെ അംഗം ഡേവിഡ് അരാഖാമിയ നേരത്തെ അറിയിച്ചിരുന്നു.
ഈ ആഴ്‌ച തുർക്കിയിൽ നടക്കുന്ന യുക്രൈന്‍-റഷ്യൻ ചർച്ചയില്‍ പരമാധികാരവും കൃത്യമായ അതിര്‍ത്തി നിര്‍ണയത്തിനുമായിരിയ്ക്കും മുന്‍ഗണനയെന്ന് പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സമാധാനത്തെ ഉറ്റുനോക്കുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്‍റ്.
തുർക്കിയിൽ ഒരു മുഖാമുഖ കൂടിക്കാഴ്‌ച അത്യാവശ്യമാണ്. വരുന്ന ആഴ്‌ച മരിയുപോള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലെ ഭയാനകമായ സാഹചര്യത്തെ കുറിച്ച് മറ്റ് രാജ്യങ്ങളെ ഓര്‍മിപ്പിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിയ്ക്കുന്ന യുക്രൈന്‍റെ സായുധ സേനയോട് പ്രസിഡന്‍റ് നന്ദി അറിയിച്ചു.
റഷ്യൻ സൈന്യം രാജ്യത്ത് നിന്ന് പിൻവാങ്ങിയതിന് ശേഷം നാറ്റോയിൽ നിന്ന് വിട്ടുനിൽക്കുന്നതും നിഷ്‌പക്ഷത പാലിയ്ക്കുന്നതും സംബന്ധിച്ച് ജനഹിത പരിശോധന നടത്തുമെന്ന് സെലെൻസ്‌കി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഷ്യയുടെ അധിനിവേശം തടയാൻ യുക്രൈന്‍ പോരാടുമ്പോൾ ഇടപെടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ധൈര്യമില്ലെന്നും സെലന്‍സ്‌കി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.