കീവ് : രാജ്യത്തിന്‍റെ ദക്ഷിണ മേഖലയില്‍ നിര്‍ണായക മുന്നേറ്റം നടത്തി യുക്രൈന്‍ സൈന്യം. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് റഷ്യന്‍ പടക്കെതിരെ യുക്രൈന്‍ സൈന്യം നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പ്രതിരോധം ഭേദിച്ച് നിപ്രോ നദിക്കരയിലൂടെ യുക്രൈന്‍ സൈന്യം മുന്നേറുകയാണെന്നാണ് വാര്‍ത്തകള്‍.
യുക്രൈന്‍ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും റഷ്യന്‍ വൃത്തങ്ങള്‍ യുക്രൈന്‍ പീരങ്കി പടയുടെ മുന്നേറ്റമുണ്ടായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നദിയുടെ പടിഞ്ഞാറന്‍ കരയിലൂടെ ഡസന്‍ കണക്കിന്ന് കിലോമീറ്ററുകള്‍ മുന്നേറിയെന്നും നിരവധി ഗ്രാമങ്ങള്‍ അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നെന്നും റഷ്യന്‍ അനുകൂല നേതാവ് വ്ലാഡിമിര്‍ സാല്‍ഡൊ പറഞ്ഞു. നിപ്രൊ നദിയുടെ തീരത്തെ ഡുഡ്‌ചനി പ്രദേശം യുക്രൈന്‍ സൈന്യം കൈയടക്കി എന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയുടെ പ്രതിരോധം ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 30 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഡുഡ്‌ചനി. റഷ്യ ഈ വര്‍ഷം ഫെബ്രുവരി 24ന് സൈനിക നടപടി ആരംഭിച്ചതിന് ശേഷമുള്ള തെക്കന്‍ യുക്രൈനിലെ സൈന്യത്തിന്‍റെ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റമാണ് നടന്നിരിക്കുന്നത്. സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യ നിയന്ത്രണത്തിലാക്കുകയും ശക്‌തമായി പ്രതിരോധം തീര്‍ക്കുകയും ചെയ്‌ത സ്ഥലമാണ് തെക്കന്‍ യുക്രൈന്‍. ഈ മേഖലയിലുള്ള യുക്രൈന്‍ സൈന്യത്തിന്‍റെ മുന്നേറ്റം റഷ്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
കിഴക്കന്‍ യുക്രൈനിലും സൈന്യം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. കിഴക്കന്‍ യുക്രൈനിലെ അതേ തന്ത്രം തന്നെയാണ് യുക്രൈന്‍ സൈന്യം തെക്കന്‍ മേഖലയിലും പ്രയോഗിക്കുന്നത്. അതിവേഗത്തില്‍ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയും അങ്ങനെ റഷ്യന്‍ സൈന്യത്തിന്‍റെ വിതരണ ശൃംഖലയുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്യുക എന്നതാണത്. വിതരണശൃംഖല വിഛേദിക്കപ്പെട്ടത് കാരണം റഷ്യന്‍ സൈനികര്‍ക്ക് പിന്‍വലിയേണ്ട സാഹചര്യവും ഉണ്ടാകുന്നു.
റഷ്യ യുക്രൈന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രൈനില്‍ റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നാല് പ്രവിശ്യകളാണ് റഫറണ്ടം നടത്തി പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ റഷ്യയുടെ ഭാഗമാക്കിയത്. ഡൊണെസ്‌ക്, ലുഹാന്‍സ്‌ക്, കേര്‍സണ്‍, സപ്പറേഷ്യ എന്നിവ. ഈ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണം സര്‍വശക്‌തിയും ഉപയോഗിച്ച് തടയുമെന്ന് പുടിന്‍ പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം പേരെ സൈന്യത്തില്‍ പുതുതായി എടുക്കാനും പുടിന്‍ ഉത്തരവിട്ടിരിക്കുകയാണ്.
എന്നാല്‍ യുക്രൈന് എല്ലാ സഹായങ്ങളും നല്‍കുകയാണ് നാറ്റോ. പ്രവിശ്യകള്‍ റഷ്യയോട് കൂട്ടിചേര്‍ത്തത് അംഗീകരിക്കില്ലെന്നും റഫറണ്ടം വ്യാജമാണെന്നുമാണ് യുഎസ് ആരോപിക്കുന്നത്.