ലണ്ടന്‍ : കുട്ടികളുടെ വിവരങ്ങൾ ചോരാതിരിക്കാന്‍ നിര്‍ണായക നീക്കവുമായി യുകെ. പോൺ സൈറ്റുകൾ ചിൽഡ്രൻസ് കോഡിന് കീഴിലാക്കും. നേരത്തേ, അശ്ലീല ഉള്ളടക്കമുള്ള വെബ്‌സൈറ്റുകള്‍ കുട്ടികള്‍ക്ക് ലഭ്യമാവാതിരിക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന നിയമമുണ്ടായിരുന്നു. ഇത്, കുട്ടികളുടെ ഡാറ്റ ചോരുന്നതിന് ഇടയാക്കിയതോടെയാണ് ഇത്തരത്തിലുള്ള സൈറ്റുകള്‍ ചില്‍ഡ്രന്‍സ് കോഡിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ നീക്കം.
കുട്ടികളുടെ സംരക്ഷണത്തിനായി യുകെ കഴിഞ്ഞ വര്‍ഷമാണ് ഈ നിയമം കൊണ്ടുവന്നത്. ഇത് പരിഷ്‌കരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ആപ്പുകൾ, ഗെയിമുകൾ എന്നിവയുൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾക്ക് വ്യക്തിഗത വിവരങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍, ഈ തീരുമാനം ഡാറ്റ ചോരുന്നതിലേക്ക് എത്തിച്ചെന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത നിരവധി കേസുകള്‍.
ഇക്കാരണംകൊണ്ട്, കുട്ടികളെ ലക്ഷ്യംവച്ചുള്ള പരസ്യങ്ങൾ ബ്ലോക്ക് ചെയ്‌തും ഇവരുടെ അക്കൗണ്ടുകൾ സ്വകാര്യമാക്കുകയും ചെയ്യുന്നതാണ് പുതിയ നിയമ പരിഷ്‌കരണം. കുട്ടികൾക്ക് നേരിട്ട് സന്ദേശമയയ്‌ക്കുന്നതിൽ നിന്ന് മുതിർന്നവര്‍ക്ക് വിലക്കടക്കം ഈ പരിഷ്‌കരണത്തിലുണ്ട്.
'മുതിർന്നവർക്ക് വേണ്ടിയുള്ള വെബ്‌സൈറ്റുകള്‍ കുട്ടികള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണംകൊണ്ട് തന്നെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതായും ഇതിലൂടെ വിവിധ തരത്തിലുള്ള കൃത്രിമം നടക്കുന്നതായും റിസര്‍ച്ചിലൂടെ കണ്ടെത്തി. അതിനെതിരെയാണ് തങ്ങളുടെ ഇടപെടല്‍'- ഇൻഫർമേഷൻ കമ്മിഷണറുടെ ഓഫിസ് പ്രസ്‌താവനയിൽ വ്യക്തമാക്കി.