അങ്കാറ: ഭൂകമ്പം തകർത്ത തുർക്കിയിൽ വീണ്ടും തുടർചലനങ്ങൾ. തുർക്കിയിലെ തെക്കൻ ഹതായ് പ്രവിശ്യയിൽ തിങ്കളാഴ്ച വൈകിയുണ്ടായ ഭൂചലനങ്ങളില്‍ 3 പേർ കൊല്ലപ്പെടുകയും 213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലുവിനെ ഉദ്ധരിച്ച് അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്ന് സ്ഥലങ്ങളിൽ തെരച്ചിലും രക്ഷാപ്രവർത്തനവും നടക്കുകയാണെന്ന് തുർക്കി ആഭ്യന്തര മന്ത്രി അറിയിച്ചു.
ഇതേ മേഖലയിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടായതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തുടർചലനങ്ങൾ. പ്രാദേശിക സമയം 8.04നായിരുന്നു റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തെക്കൻ ഹതേയിലെ ഭൂകമ്പത്തിന് മൂന്ന് മിനിറ്റുകൾക്ക് ശേഷം ഹതേയിലെ സമന്ദഗ് പ്രവിശ്യയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പവും ഉണ്ടായതായി രാജ്യത്തിന്‍റെ ദുരന്ത നിവാരണ ഏജൻസിയായ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് പ്രസിഡൻസിയെ (എഎഫ്എഡി) ഉദ്ധരിച്ച് തുർക്കിയിലെ അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ആദ്യത്തെ ഭൂകമ്പം 16.7 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. സമന്ദഗ് പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പം 7 കിലോമീറ്റർ ആഴത്തിലും സംഭവിച്ചു. സമുദ്രനിരപ്പ് 50 സെന്‍റീമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ തുടരുന്നത് ഒഴിവാക്കണമെന്ന് എഎഫ്‌എഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ അധികൃതർ പരിശോധന തുടരുന്ന സാഹചര്യത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് തുർക്കി വൈസ് പ്രസിഡന്‍റ് ഫുവാട്ട് ഒക്‌ടേ പൗരന്മാരോട് ആവശ്യപ്പെട്ടു. ഹതായിൽ നിന്ന് 100 കിലോമീറ്ററിന് മുകളിൽ അകലെയുള്ള കഹ്‌റമൻമാരസിൽ രണ്ടാഴ്ച മുൻപ് ഉണ്ടായ ഭൂചലനത്തിൽ ഹതായിൽ വ്യാപകമായ നാശനഷ്‌ടങ്ങൾ ഉണ്ടായിരുന്നു.
രണ്ടാഴ്‌ച മുൻപ് നടന്ന ഭൂകമ്പത്തിൽ 41,000 പേരാണ് മരിച്ചത്. തുർക്കിയെ തീരാദുരിതത്തിലാക്കിയ ഭൂകമ്പത്തെ അതിജീവിച്ച ദശലക്ഷക്കണക്കിന് ആളുകൾ തണുപ്പുകാലത്ത് ഭവനരഹിതരായി തുടരുന്ന സാഹചര്യത്തിലാണ് തുടർചലനങ്ങൾ. ആദ്യ ഭൂകമ്പം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതിനാൽ പത്തിൽ എട്ട് പ്രവിശ്യകളിലും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി രാജ്യത്തിന്‍റെ ദുരന്ത ഏജൻസി അറിയിച്ചിരുന്നു.