അങ്കാറ: തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായുണ്ടായ അതിതീവ്ര ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഭീതിയുയര്‍ത്തുമ്പോള്‍ ദുരന്തഭൂമിയില്‍ നിന്നുള്ള പ്രത്യാശയായി രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്‍റെ അതിജീവനം. ഭൂചലനത്തെ തുടർന്ന് തുര്‍ക്കിയിലെ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കടിയിൽ 128 മണിക്കൂര്‍ കുടുങ്ങിക്കിടന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാദൗത്യ സേന രക്ഷപ്പെടുത്തി. ഫെബ്രുവരി ആറിന് റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇതുവരെ 28,000 ത്തിലധികം ആളുകള്‍ മരണപ്പെട്ടതായാണ് വിവരം.
അഞ്ചാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്: തുർക്കിയിലെ തെക്കൻ ഹതായ് പ്രവിശ്യയിലെ ഒരു കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കടിയിൽ നിന്നാണ് രക്ഷാസേന കുഞ്ഞിനെ കണ്ടെടുത്തത്. കുഞ്ഞ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും വൈദ്യപരിശോധനയ്‌ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും തുര്‍ക്കിയുടെ വാര്‍ത്ത ഏജന്‍സിയായ അനഡോലു ഏജൻസി ട്വിറ്ററില്‍ അറിയിച്ചു. അതിതീവ്ര ഭൂകമ്പത്തില്‍ തുർക്കിയില്‍ നിന്നുള്ള മരണസംഖ്യ 24,617 ആയി ഉയർന്നപ്പോൾ സിറിയയിൽ 3,500 ൽ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു.
രാപ്പകലില്ലാതെ രക്ഷാദൗത്യം: തിങ്കളാഴ്‌ചയുണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള നഗരമായ കരമന്‍മരാസിലെ ഒരു കുടുംബത്തെയും ഹതായ് പ്രവിശ്യയുടെ തലസ്ഥാനമായ അന്‍റക്യയില്‍ ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടിയേയും ഉള്‍പ്പടെ 12 ലധികം പേരെയാണ് ഇന്നലെ രക്ഷാസേന രക്ഷപ്പെടുത്തിയത്. വീടിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ വിസര്‍ജ്യം ഭക്ഷിച്ച് അഞ്ച് ദിവസത്തോളം കുടുങ്ങിക്കിടന്ന 23 കാരനെ കഴിഞ്ഞദിവസം സിറിയയില്‍ നിന്ന് രക്ഷപ്പെടുത്തി തീരദേശ നഗരമായ ലതാകിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ 60 വയസുള്ള മാതാവും ഇവിടെ തന്നെ ചികിത്സയിലാണുള്ളത്.
നൂറ്റാണ്ടിലെ ദുരന്തം: അതേസമയം ഏറെ നാശനഷ്‌ടങ്ങള്‍ വിതച്ച ഈ ഭൂകമ്പം 21-ാം നൂറ്റാണ്ടിലെ ലോകത്തിലെ ഏഴാമത്തെ വലിയ പ്രകൃതിദുരന്തമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല 2003 ല്‍ 31,000 പേർ കൊല്ലപ്പെട്ട ഇറാനിലുണ്ടായ ഭൂകമ്പത്തിന് സമാനമായി ഭീതിപ്പെടുത്തുന്ന തരത്തിലാണ് തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്‍റെയും പുറത്തുവരുന്ന വിവരങ്ങള്‍.