ഇസ്‌ലാമാബാദ് (പാകിസ്ഥാൻ): തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ (പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്) നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സർക്കാർ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. തുടർന്ന് മുൻ പ്രധാനമന്ത്രിക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷം പിഴയും പാകിസ്ഥാൻ കോടതി ശിക്ഷ വിധിച്ചു. സമൻ പാർക്കിൽ നിന്ന് ഇമ്രാന്‍ ഖാനെ കോടതിയുടെ നിര്‍ദേശ പ്രകാരം പാക് പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇസ്‌ലാമാബാദ് ആസ്ഥാനമായുള്ള ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി അഡീഷണൽ ജഡ്‌ജി ഹുമയൂൺ ദിലാവറാണ് ശനിയാഴ്‌ച വിധി പ്രസ്‌താവിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി ഇമ്രാന്‍ ഖാൻ ജയിലിൽ കിടക്കേണ്ടി വരും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാൻ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ പ്രമുഖരും മറ്റ് സർക്കാരുകളുടെ തലവന്മാരും ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നൽകുന്ന പാരിതോഷികങ്ങൾ സൂക്ഷിക്കുന്ന, ക്യാബിനറ്റ് ഡിവിഷന് കീഴിലുള്ള വകുപ്പാണ് തോഷഖാന. വിലപിടിപ്പുള്ള വാച്ച് ഉൾപ്പടെയുള്ള ചില സമ്മാനങ്ങൾ ഖാൻ വാങ്ങുകയും ലാഭത്തിനായി വിൽക്കുകയും ചെയ്‌തുവെന്നാണ് കേസ്. പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ (ഇസിപി) പരാതിയിൽ കഴിഞ്ഞ വർഷം ഫയൽ ചെയ്‌ത തോഷഖാന കേസിൽ 70 കാരനായ ഇമ്രാന്‍ ഖാനെ നേരത്തെ ശിക്ഷിച്ചിരുന്നു.
പിന്നാലെ ദേശീയ രാഷ്‌ട്രീയത്തിൽ വൻ കോളിളക്കം സൃഷ്‌ടിച്ച വിഷയമായി തോഷഖാന കേസ് മാറി. നേരത്തെ ഇതേ കേസിൽ ഇമ്രാൻ ഖാനെ ഇസ്‌ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവച്ച് അർധസൈനിക വിഭാഗം അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് പാകിസ്ഥാനില്‍ സംഘര്‍ഷവും തീവയ്‌പ്പും ഉടലെടുത്തിരുന്നു. ഇസ്‌ലാമാബാദ്, റാവൽപിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലാണ് അക്രമം നടന്നത്. റാവൽപിണ്ടി ഗാരിസൺ സിറ്റിയിലെ പാകിസ്ഥാൻ ആർമി ആസ്ഥാനത്തും ലാഹോറിലെ കോർപ്‌സ് കമാൻഡറുടെ വസതിയിലും ഇമ്രാന്‍റെ അനുയായികൾ വൻ അതിക്രമമാണ് അഴിച്ചുവിട്ടത്.
അറസ്റ്റ് വാര്‍ത്തകള്‍ക്ക് പിന്നാലെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും നിമിഷങ്ങൾക്കകം പാക് മണ്ണ് കലാപഭൂമിയായി മാറുകയുമായിരുന്നു. പ്രതിഷേധക്കാർ അക്രമാസക്തമാവുകയും രാജ്യത്ത് പലയിടങ്ങളിലായി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തെ പ്രധാന ഗേറ്റും പിടിഐ പ്രവര്‍ത്തകര്‍ തകർത്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
കൂടാതെ ലാഹോറില്‍, കമാൻഡറിന്‍റെ ഔദ്യോഗിക വസതിയിലേക്കും ഒരു കൂട്ടം പിടിഐ പ്രവർത്തകർ ഇരച്ചുകയറി. ഔദ്യോഗിക വസതിയുടെ ഗേറ്റും ജനൽ ചില്ലുകളും ഇവർ തകർത്തു. നേരത്തെ കോടതി നിര്‍ദേശപ്രകാരം ഇമ്രാന്‍ ഖാനെ അറസ്‌റ്റ് ചെയ്യാന്‍ ഇസ്‌ലാമാബാദ് പൊലീസ് എത്തിയപ്പോഴും പ്രവര്‍ത്തകരും ജനങ്ങളും പൊലീസിനെ ചെറുത്തിരുന്നു. ഇസ്‌ലാമാബാദില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള 60 ലധികം പൊലീസ് ജീവനക്കാര്‍ക്കാണ് അന്ന് പരിക്കേറ്റത്.
READ MORE: പാകിസ്ഥാനെ കലാപഭൂമിയാക്കി പിടിഐ പ്രവര്‍ത്തകര്‍ ; സൈനിക ആസ്ഥാനത്ത് ഇരച്ചുകയറി ആക്രമണം