പലേംബാങ് (ഇന്തോനേഷ്യ) : മതവികാരം വൃണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ യുവതിക്ക് ശിക്ഷ വിധിച്ച് ഇന്തോനേഷ്യന്‍ കോടതി (TikToker Jailed For Eating Pork). ഇസ്‌ലാംമത വിശ്വാസ പ്രകാരമുള്ള പ്രാര്‍ഥന വാക്യം ഉരുവിട്ടതിന് പിന്നാലെ മതത്തില്‍ നിഷിദ്ധമായ പന്നിയിറച്ചി കഴിച്ചതിനാണ് ലിന മുഖര്‍ജി എന്ന് അറിയപ്പെടുന്ന ലുത്‌ഫിയാവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത് (TikToker Lina Lutfiawati jailed). സുമാത്ര ദ്വീപിലെ ദക്ഷിണ സുമാത്ര പ്രവിശ്യയിലെ പാലേംബാങ് കോടതിയുടേതാണ് നടപടി.
ഇസ്‌ലാംമത വിശ്വാസിയാണ് ലിന മുഖര്‍ജി. പ്രാര്‍ഥന വാക്യം ഉരുവിട്ടതിന് ശേഷം പന്നിയിറച്ചി കഴിക്കുന്ന ഒരു വീഡിയോ മാര്‍ച്ചില്‍ ഇവര്‍ പങ്കിട്ടിരുന്നു. വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ 'ദൈവത്തിന്‍റെ നാമത്തില്‍' എന്ന് പറഞ്ഞുകൊണ്ടാണ് ലിന പന്നിയിറച്ചി കഴിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിഷയത്തില്‍ കോടതി വിധി പ്രസ്‌താവിച്ചത്. വിധി കേട്ട ലിന മാപ്പ് പറയുകയുണ്ടായി. വീഡിയോ വിവാദമായതോടെ കഴിഞ്ഞമാസം ലിന താന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
'യഥാര്‍ഥത്തില്‍ എനിക്ക് ആശ്ചര്യമാണ്. സംഭവത്തില്‍ ഞാന്‍ പലതവണ ക്ഷമാപണം നടത്തിയിരുന്നു. എനിക്ക് തെറ്റുപറ്റിയെന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്ന് കരുതിയില്ല' -വിചാരണയ്‌ക്ക് പിന്നാലെ ലിന പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. അതിനാല്‍ തന്നെ ഇസ്‌ലാമില്‍ നിഷിദ്ധമായ (ഹറാം) പന്നിയിറച്ചി കഴിക്കുന്നത് ഇവിടെ കുറ്റകരമായി കാണുന്നു.
അതേസമയം ലിനയ്‌ക്ക് പിന്തുണ അറിയിച്ച് പലരും രംഗത്ത് വന്നു. മതവികാരം വൃണപ്പെടുത്തി എന്ന് കാണിച്ച് നിയമ നടപടി സ്വീകരിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലായെന്ന് വിമര്‍ശകര്‍ പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയിട്ടും ലിനക്ക് സംഭവിച്ചതില്‍ അതിശയമില്ലെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്തോനേഷ്യ എക്‌സ്ക്യൂട്ടീവ് ഡയറക്‌ടര്‍ ഉസ്‌മാന്‍ ഹമീദ് പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിയമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
2017ല്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ബസുകി അഹോക് ജഹജ പൂര്‍ണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖുറാനിലെ വാക്യം ഉദ്ധരിച്ചതിനെതിരെ നടപടി ഉണ്ടായിരുന്നു. ക്രിസ്‌തുമത വിശ്വാസിയായ ഗവര്‍ണര്‍ക്കെതിരെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 2018ല്‍ ചൈനീസ് വംശജയായ മെയിലിയാനയെ മതനിന്ദ കുറ്റത്തിന് 18 മാസം ഇന്തോനേഷ്യന്‍ കോടതി ശിക്ഷിച്ചിരുന്നു.