സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗ്: യുഎസിനെതിരെ ആഞ്ഞടിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍. സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗ് ഇന്‍റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലാണ് യുഎസിനും അവരുടെ പാശ്ചാത്യ സഖ്യ കക്ഷികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം പുടിന്‍ നടത്തിയത്. യുഎസിന്‍റെ ആധിപത്യത്തിലുള്ള ഏകദ്രുവ ലോകത്തിന്‍റെ കാലം കഴിഞ്ഞുവെന്ന് റഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു.
"ശീതയുദ്ധത്തില്‍ അവര്‍ വിജയിച്ചപ്പോള്‍ ഭൂമിയിലെ ദൈവത്തിന്‍റെ പ്രതിനിധികളായി അവര്‍ സ്വയം പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര രംഗത്ത് ഉത്തരവാദിത്തങ്ങള്‍ ഇല്ലാത്ത താത്‌പര്യങ്ങള്‍ മാത്രമുളളവരായി അവര്‍ മാറി. അവരുടെ താത്‌പര്യങ്ങള്‍ വിശുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. അന്താരാഷ്‌ട്ര നയതന്ത്രം ഒരു വണ്‍വെ ട്രാഫിക്കായി അവര്‍ കരുതി. ഇതാണ് ലോകത്തെ അസ്ഥിരമാക്കുന്നത്", പുടിന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.
സൈബര്‍ ആക്രമണം കാരണം പുടിന്‍റെ പ്രസംഗം 90 മിനുട്ടോളം വൈകി. ആരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. എന്നാല്‍ ഹാക്കര്‍മാരുടെ കൂട്ടായ്‌മയായ 'യുക്രൈനിയന്‍ ഐടി ആര്‍മി' സെന്‍റ് പീറ്റേഴ്‌സ് ഇക്കണോമിക് ഫോറത്തെ തങ്ങളുടെ ആക്രമണ ലക്ഷ്യമായി കഴിഞ്ഞയാഴ്‌ച ടെലിഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.
നാല് മാസം മുന്‍പ് യുക്രൈനില്‍ റഷ്യ ആരംഭിച്ച അധിനിവേശത്തിന് ശേഷം പുടിന്‍ നടത്തിയ പ്രധാന പ്രസംഗങ്ങളില്‍ ഒന്നായിരുന്നു സെന്‍റ് പീറ്റേഴ്‌സ് ഫോറത്തില്‍ നടത്തിയ പ്രസംഗം. പ്രസംഗം ആരംഭിച്ച് മിനുട്ടുകള്‍ക്കകം തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു പുടിന്‍.
പാശ്ചാത്യ ഭരണകര്‍ത്താക്കള്‍ ജീവിക്കുന്നത് ഭൂതകാലത്തില്‍: ശീതയുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിജയിച്ചതുകൊണ്ട് ലോകത്തിലെ ബാക്കി രാജ്യങ്ങള്‍ കോളനികളാണെന്നും അവിടങ്ങളിലെ പൗരന്‍മാര്‍ രണ്ടാം തരം ആണെന്നും അവര്‍ കരുതുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം റഷ്യയുടെ യുക്രൈനിലെ സൈനിക നടപടിയാണെന്ന് അവര്‍ പഴി ചാരുകയാണ്. ലോകത്തിലെ ഉയര്‍ന്ന ഭക്ഷ്യ വിലവര്‍ധനയ്‌ക്ക് കാരണം യുഎസും യൂറോപ്യന്‍ യൂണിയനുമാണെന്നും പുടിന്‍ ആരോപിച്ചു.
സൈനിക നടപടി നവ നാസികള്‍ക്കെതിരെ: യുക്രൈനിനെതിരെ സൈനിക നടപടി നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് പുടിന്‍ പറഞ്ഞു. ഒരു പരമാധികാര രാജ്യത്തിന് അതിന്‍റെ സുരക്ഷ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. ഡോണ്‍ബാസിലെ റിപ്പബ്ലിക്കുകളിലുളള ജനങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി വംശഹത്യപരമായ ആക്രമണങ്ങള്‍ നവനാസികള്‍ നേതൃത്വം നല്‍കുന്ന യുക്രൈന്‍ ഭരണകൂടത്തില്‍ നിന്നുണ്ടാകുകയാണ്. ഇതിനെ ചെറുക്കാനാണ് സൈനിക നടപടിയെന്നും പുടിന്‍ പറഞ്ഞു.
യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ അനുകൂല വിമതര്‍ പ്രഖ്യാപിച്ച ഡൊണെസ്‌ക് റിപ്പബ്ലിക്, ലുഹാന്‍സ്‌ക് റിപ്പബ്ലിക്ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചാണ് റഷ്യ യുക്രൈനില്‍ ഫെബ്രുവരി 24ന് അധിനിവേശം നടത്തിയത്. ഡോണ്‍ബാസിലെ മൂന്നില്‍ ഒരു ഭാഗം 2014 മുതല്‍ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. 2019 മുതല്‍ ഡോണ്‍ബാസ് മേഖലയിലുളളവര്‍ക്ക് റഷ്യ പാസ്‌പോര്‍ട്ട് നല്‍കി വരുന്നുണ്ട്. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ഡോണ്‍ബാസ്.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം മറ്റ് ആരുടെയോ താളത്തിനൊത്ത് തുളളുകയാണ്. യൂറോപ്പിലെ ജനങ്ങളുടെ യഥാര്‍ഥ താത്‌പര്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ബലി കഴിക്കുകയാണ്. നാറ്റോ പോലെ ഒരു സൈനിക സഖ്യമല്ലാത്തത് കൊണ്ടുതന്നെ യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമാകുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും പുടിന്‍ പറഞ്ഞു.