ഹൈദരാബാദ്: ടെസ്‌ലയുടെ തലവനായ ഇലോൺ മസ്‌കിന്‍റെ ജീവിതം ഉടൻ സിനിമയാക്കാനുളള തയ്യാറെടുപ്പിലാണ് ഹോളിവുഡ് (Darren Aronofsky Will Direct A Biopic On Tesla CEO Elon Musk). വിവിധ മേഖലകളിൽ പ്രശസ്‌തരായവരുടെ ജീവിതത്തെ ആസ്‌പദമാക്കി ബയോപിക് സിനിമകൾ എപ്പോഴും പുറത്തിറങ്ങാറുണ്ട്. ഇതിനോടകം തന്നെ നിരവധി താരങ്ങളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ജീവിതം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇലോണിന്‍റെ ജീവിത കഥ സിനിയാകുന്നതോടെ ബയോപിക് ശ്രേണിയില്‍ കൂടുതല്‍ ശതകോടീശ്വരന്മാരുടെ കഥ എത്തുമെന്നാണ് ഹോളിവുഡിന്‍റെ പ്രതീക്ഷ.
'ഇലോൺ മസ്‌ക്' എന്ന പേരിൽ രണ്ട് മാസം മുമ്പ് അദ്ദേഹത്തിന്‍റെ ജീവിതകഥ പുറത്തിറങ്ങിയിരുന്നു. അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ഐസക്‌സൺ ജീവചരിത്രം എഴുതിയത്. ദക്ഷിണാഫ്രിക്കയിലെ ഒരു ചെറിയ കുടുംബത്തിൽ ജനിച്ച മസ്‌ക് കോടീശ്വരനായി വളർന്നതും എങ്ങനെയാണ് ജീവിതത്തിൽ മികച്ച വിജയം നേടിയതെന്നുമാണ് പുസ്‌തകം പറയുന്നത്.
രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് മസ്‌കുമായി ഐസ്‌ക്‌സണ്‍ അഭിമുഖം നടത്തിയത്. മസ്‌കിന്‍റെ ജീവിതാനുഭവങ്ങളെക്കുറിച്ചുളള ഈ പുസ്‌തകം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മസ്‌കിന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നെഴുതിയ പുസ്‌തകത്തിന്‍റെ പ്രസാധകര്‍ സൈമണ്‍ & ഷസ്‌റ്റര്‍ കമ്പനിയായിരുന്നു.
പുസ്‌തകത്തെ ആസ്‌പദമാക്കിയായിരിക്കും ബയോപിക് നിര്‍മിക്കുന്നത്. ഇലോണ്‍ മസ്‌കിന്‍റെ ബയോപിക് നിർമ്മിക്കാൻ ഒരുങ്ങുന്നത് സിനിമാ പ്രൊഡക്ഷൻ കമ്പനിയായ എ 24 ആണ്. പുസ്‌തകത്തിന്‍റെ രചയിതാവിൽ നിന്ന് നിർമ്മാണ കമ്പനി കോപ്പിറൈറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
'ബ്ലാക്ക് സ്വാൻ', 'പൈ', 'ദി വേൽ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത പ്രശസ്‌ത ഹോളിവുഡ് സംവിധായകൻ ഡാരനാണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ഈ ബയോപിക്കിൽ മസ്‌കിന്‍റെ പ്രൊഫഷണൽ ജീവിതത്തിന് പുറമേ വ്യക്തി ജീവിതവും തുറന്നു കാണിക്കും. അതേസമയം ആരാണ് മസ്‌കിന്‍റെ വേഷം അവതരിപ്പിക്കുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല.
ബഹിരാകാശ പരീക്ഷണങ്ങൾക്കായി 2002-ൽ സ്‌പേസ് എക്‌സും 2003-എൽ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയും എലോൺ മസ്‌ക് സ്ഥാപിച്ചു. അതിനുശേഷം ദി ബോറിംഗ്, ന്യൂറലിങ്ക്, സോളാർ സിറ്റി തുടങ്ങിയ കമ്പനികൾ അദ്ദേഹം സ്ഥാപിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സാമൂഹ്യമാധ്യമമായ ട്വിറ്റർ വാങ്ങുകയും അതിന്‍റെ പേര് എക്‌സ് എന്ന് മാറ്റുകയും ചെയ്തിരുന്നു.ഉടൻ തന്നെ ഇത് അടിപൊളി ആപ്പാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ വർഷം ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.