കെയ്റോ: സുഡാനിലെ ഡാര്‍ഫര്‍ മേഖലയില്‍ ഞായറാഴ്‌ചയുണ്ടായ ഗോത്രവര്‍ഗ ഏറ്റുമുട്ടലില്‍ 168 കൊല്ലപ്പെട്ടു. പോരാട്ടത്തില്‍ 98 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ഡാര്‍ഫറിന്‍റെ തലസ്ഥാനമായ ജെനേനയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് ക്രെയ്നിക്കില്‍ അജ്ഞാതനായ അക്രമി രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായതെന്ന് ജനറൽ കോർഡിനേഷൻ വക്താവ് ആദം റീഗൽ പറഞ്ഞു.
സുഡാനില്‍ 2003ലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന ഡാര്‍ഫറില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ഞായറാഴ്‌ച പുലര്‍ച്ചെ ജഞ്ചവീഡ് സൈനികര്‍ ആയുധങ്ങളുമായി പ്രദേശം ആക്രമിക്കുകയും പ്രദേശത്തെ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ചയുണ്ടായ പോരാട്ടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെതുടര്‍ന്ന് മേഖലയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
മേഖലയില്‍ ഉന്നത ജനറല്‍മാര്‍ സിവിലിയന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചത് രാജ്യത്തെ പ്രതിസന്ധിയ്ക്ക് കാരണമായി. ഇതാണ് ഗോത്ര വര്‍ഗങ്ങളെ ഇത്തരം ആക്രമണങ്ങളിലേക്ക് നയിച്ചത്.