വാഷിങ്ടണ്‍: കൊവിഡ് ഭേദമായ ശേഷവും ഗന്ധം അറിയാന്‍ കഴിയാത്തതിന്‍റെ കാരണങ്ങളെ കുറിച്ച് പുതിയ പഠനം. രോഗം ഭേദമായിട്ടും ചിലര്‍ക്ക് ഗന്ധം അറിയുന്നതിനുള്ള കഴിവ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിന് കാരണം ഘ്രാണ നാഡീകോശങ്ങളില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും കോശങ്ങളില്‍ ഉണ്ടാകുന്ന കുറവുമാണെന്ന് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരുടെ ഒരു സംഘം കണ്ടെത്തി. ഗന്ധവും സുഗന്ധവും വേര്‍തിരിച്ചറിയാനുള്ള നമ്മുടെ കഴിവ് ഘ്രാണ നാഡീകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊവിഡിന് ശേഷം ഗന്ധം അറിയാന്‍ സാധിക്കാത്ത ദശലക്ഷ കണക്കിന് ആളുകളുടെ ബുദ്ധിമുട്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ഈ പഠനം സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിന്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊവിഡിന്‍റെ മറ്റ് ബുദ്ധിമുട്ടുകളായ ക്ഷീണം, ശ്വാസ തടസം, ഓര്‍മക്കുറവ് തുടങ്ങിയവയുടെ അടിസ്ഥാന കാരണങ്ങളെ കുറിച്ചും ഈ പഠനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
രോഗം ഭേദമായിട്ടും മണം അറിയുന്നില്ല: 'കൊവിഡ് 19 രോഗ ബാധയുമായി ബന്ധപ്പെട്ട് സാധാരണയായി കാണുന്ന ലക്ഷണമാണ് ഗന്ധം അറിയാനുള്ള കഴിവ് നഷ്‌ടപ്പെടുന്നത്', ഡ്യൂക്ക് സർവകലാശാലയിലെ മുതിർന്ന ശാസ്‌ത്രജ്ഞന്‍ ബ്രാഡ്‌ലി ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു. 'വൈറസ് ബാധിച്ച് നിശ്ചിത സമയത്തിനുള്ളില്‍ മണം അറിയാനുള്ള കഴിവ് പലര്‍ക്കും നഷ്‌ടമാകുന്നു. ഒന്നോ രണ്ടോ ആഴ്‌ചകള്‍ക്കുള്ളില്‍ പലരും അത് വീണ്ടെടുക്കും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്ക് അതിന് സാധിക്കുന്നില്ല', ബ്രാഡ്‌ലി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധക്ക് ശേഷം മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ ആളുകള്‍ക്ക് മണം അറിയാനുള്ള കഴിവ് നഷ്‌ടമാകുന്നത് എന്തുകൊണ്ടാണ് എന്ന് കണ്ടെത്താനായിരുന്നു പഠനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മൂക്കിലെ കലകള്‍ ശേഖരിച്ച് പഠനം: ബ്രാഡ്‌ലിയും ഡ്യൂക്ക്, ഹര്‍വാര്‍ഡ്, കാലിഫോര്‍ണിയ സര്‍വകലാശാലകളിലെ സുഹൃത്തുക്കളും ചേര്‍ന്നാണ് പഠനം നടത്തിയത്. കൊവിഡിനെ തുടര്‍ന്ന് ദീര്‍ഘനാളായി ഗന്ധം നഷ്‌ടപ്പെട്ട ഒമ്പത് പേരില്‍ നിന്നുള്‍പ്പെടെ 24 ബയോപ്‌സികളില്‍ നിന്ന് ഘ്രാണ കോശകലകള്‍ ശേഖരിച്ചായിരുന്നു പഠനം. ഈ പഠനം, ഗന്ധമറിയാന്‍ സഹായിക്കുന്ന കോശങ്ങള്‍ സ്ഥിതിചെയ്യുന്ന മൂക്കിലെ കലകളില്‍ കോശജ്വലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടി-കോശങ്ങളുടെ വ്യാപനം കണ്ടെത്തി. കൊവിഡില്‍ നിന്ന് മുക്തമായിട്ടും ഇത്തരം കോശങ്ങള്‍ വ്യാപിക്കുന്നതായും പഠനം പറയുന്നു.
കൂടാതെ ഗന്ധം അറിയാന്‍ സഹായിക്കുന്ന ന്യൂറോണുകളുടെ എണ്ണം കുറഞ്ഞതായും ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. കോശജ്വലനം നടക്കുമ്പോള്‍ അതിലോലമായ ടിഷ്യൂവിന് കേടുപാടുകള്‍ സംഭവിച്ചതാകാമെന്നും പഠനത്തില്‍ പറയുന്നു. ഏത് തരം കോശങ്ങളുടെ പ്രവര്‍ത്തനമാണ് ഗന്ധം അറിയാനുള്ള കഴിവിനെ ബാധിക്കുന്നത് എന്ന കണ്ടെത്തല്‍ ആവശ്യമായ ചികിത്സ രൂപകല്‍പന ചെയ്യാന്‍ സഹായകമാകുമെന്ന് ബ്രാഡ്‌ലി ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു.
'രോഗികളുടെ മൂക്കിനുള്ളിലെ അസാധാരണമായ രോഗപ്രതിരോധ പ്രതികരണമോ കേടുപാടുകള്‍ സംഭവിച്ച കോശങ്ങളുടെ പുനക്രമീകരണ പ്രക്രിയയോ ക്രമീകരിക്കുന്നതിലൂടെ ഭാഗികമായെങ്കിലും ഗന്ധം അറിയാനുള്ള കഴിവ് വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു', ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായി കൂടുതല്‍ പഠനങ്ങള്‍ നിലവിൽ തന്‍റെ ലാബിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.