സാൻ ഫ്രാൻസിസ്കോ : ബഹിരാകാശത്തേക്ക് പ്രതിവർഷം 122 വിക്ഷേപങ്ങൾ നടത്താനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്‌ക് (Elon Musk) നയിക്കുന്ന കമ്പനിയായ സ്പേസ്എക്‌സ്. കമ്പനിയുടെ സ്റ്റാർ ലിങ്ക് പദ്ധതിയിലൂടെ (Star Link Project) ഉപഗ്രഹാധിഷ്‌ഠിത സെൽഫോൺ/ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് സ്പേസ്എക്‌സ് ഇത്രയധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. പ്രതിമാസം 12 ഉപഗ്രഹങ്ങൾ ഒരുമിച്ചോ മൂന്ന് ദിവസത്തിലൊരിക്കലായോ വിക്ഷേപങ്ങൾ നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട് (SpaceX Massive Launch- Aims for 12 Launches a Month, 122 a Year). ഇന്നും സ്പേസ്എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് 23 സ്റ്റാർലിങ്ക് ഇന്‍റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ശനിയാഴ്‌ച 21 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിന് പിന്നാലെയാണിത്.
പുറത്തിറങ്ങാനിരിക്കുന്ന തങ്ങളുടെ ഉപഗ്രഹാധിഷ്‌ഠിത സെൽഫോണിനും (Satellite Cellphone) അതിവേഗ ഇൻ്റർനെറ്റിനും വേണ്ടി കൂടുതൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് ഇലോൺ മസ്‌കിന്‍റെ ലക്ഷ്യം. അടിസ്ഥാനപരമായ ടെക്‌സ്‌റ്റിങ് സൗകര്യം മാത്രമുള്ള ഉപഗ്രഹ ഫോണുകൾ കമ്പനി അടുത്ത വർഷം തന്നെ പുറത്തിറക്കിയേക്കും. കോൾ ചെയ്യാനും ഇന്‍റർനെറ്റ് ഉപയോഗിക്കാനും കഴിയുന്ന ഫോണുകൾ 2025 ന് ശേഷം പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വർഷം സ്പേസ്എക്‌സ് 61 ദൗത്യങ്ങളാണ് നടത്തിയത്. ഈ മിഷനുകളിൽ 88 സ്പേസ്എക്‌സ് റോക്കറ്റുകൾ വിക്ഷേപിച്ചു. ഇവ കൂടാതെ കൂടാതെ ചൊവ്വയിലേക്ക് അയക്കാനുള്ള കമ്പനിയുടെ ഏറ്റവും വലിയ സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ പരീക്ഷണ പറക്കലും ആ വര്‍ഷം നടത്തിയിരുന്നു. തങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കുന്ന ഫാൽക്കൺ 9 ബൂസ്റ്ററുകളും (Falcon 9 Booster) പേലോഡ് ഫെയറിങ്ങുകളും വീണ്ടെടുക്കുന്നതിലും പുനരുപയോഗിക്കുന്നതിലും കമ്പനി കൈവരിക്കുന്ന പ്രാപ്‌തി സ്പേസ്എക്‌സ് ദൗത്യങ്ങള്‍ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്.
താഴ്‌ന്ന ഭ്രമണപഥത്തിൽ വിന്യസിക്കപ്പെടുന്ന ചെറു ഉപഗ്രഹങ്ങളുടെ ശ്യംഖല ഉപയോഗിച്ച് അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനാണ് സ്പേസ് എക്‌സ് പദ്ധതിയിടുന്നത്. നിലവിൽ 4,900 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനം നൽകി സ്പേസ്എക്‌സ് കഴിഞ്ഞ വർഷം 1.4 ബില്യൺ ഡോളർ വരുമാനം നേടി.