വെര്‍ജീനിയ (യുഎസ്): റിച്ച്മണ്ടില്‍ ഹൈസ്‌കൂള്‍ ബിരുദദാന ചടങ്ങ് നടക്കുന്ന വേദിക്ക് സമീപം ഏഴ് പേര്‍ക്ക് വെടിയേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായി റിച്ച്മണ്ട് പൊലീസ് മേധാവി റിക്ക് എഡ്വേര്‍ഡ് പറഞ്ഞു.
വെര്‍ജീനിയ റിച്ച്മണ്ടിലെ ആള്‍ട്രിയ തിയേറ്ററിന് സമീപം ഇന്നലെ (06.06.2023) വെകിട്ടായിരുന്നു സംഭവം. തിയേറ്ററിന് മുന്നിലെ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാല ക്യാമ്പസിലെ മണ്‍റോ പാര്‍ക്കിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. ഹ്യൂഗനോട്ട് ഹൈസ്‌കൂളിന്‍റെ ബിരുദദാന ചടങ്ങുകള്‍ അവസാനിക്കാനിരിക്കെയായിരുന്നു സംഭവം.
വെടിവയ്‌പ്പിനെ തുടര്‍ന്ന് തിയേറ്ററില്‍ നടത്താനിരുന്ന മറ്റൊരു സ്‌കൂളിന്‍റെ ബിരുദദാന ചടങ്ങ് മാറ്റിവച്ചു. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം 5.15നാണ് മണ്‍റോ പാര്‍ക്കില്‍ വെടിവയ്‌പ്പ് ഉണ്ടായതായി വെര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാല അറിയിച്ചത്. ഏകദേശം ഒരുമണിക്കൂറിന് ശേഷം നിലവില്‍ ഭീഷണി ഇല്ലെന്നും സര്‍വകലാശാല അറിയിച്ചു.
'നിലവിൽ മൺറോ പാർക്കിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ആർപിഡിയുമായും ആർപിഎസുമായും ആശയവിനിമയം നടത്തുന്നുണ്ട്. വിവരങ്ങൾ വരുന്നതിനനുസരിച്ച് ലഭ്യമാക്കും. ദയവായി പ്രദേശത്ത് നിന്ന് മാറുക' -റിച്ച്മണ്ട് മേയർ ലെവർ എം സ്റ്റോണി ട്വീറ്റ് ചെയ്‌തു.
യുഎസില്‍ വെടിവയ്‌പ്പ് സ്ഥിരം സംഭവം: ഇക്കഴിഞ്ഞ മെയില്‍ യുഎസിലുണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കുപടിഞ്ഞാറൻ ന്യൂ മെക്‌സിക്കോ കമ്മ്യൂണിറ്റിയിൽ 18 കാരൻ നടത്തിയ വെടിവയ്‌പ്പിലാണ് മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.
എണ്ണ - പ്രകൃതി വാതക വ്യവസായവും വിതരണ ലൈനുകളും ഉള്ള യൂട്ടാ സ്റ്റേറ്റ് ലൈനിന് സമീപം 50,000 ത്തോളം ആളുകൾ താമസിക്കുന്ന ഫാമിംഗ്‌ടണിൽ ആണ് വെടിവയ്പ്പ് ഉണ്ടായത്. ഒരു റസിഡൻഷ്യൽ സ്ട്രീറ്റിൽ ആളുകൾക്ക് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫാമിംഗ്‌ടൺ പൊലീസ് ഡെപ്യൂട്ടി ചീഫ് ബാരിക് ക്രം അറിയിച്ചു. കൂടുതൽ ആക്രമണം തടയാന്‍ പൊലീസ് പ്രതിയെ വെടിവയ്ക്കുകയായിരുന്നു.
അക്രമണത്തിന്‍റെ ലക്ഷ്യത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. സാൻ ജുവാൻ റീജ്യണല്‍ മെഡിക്കൽ സെന്‍ററിൽ, ഫാമിംഗ്‌ടൺ പൊലീസ് ഓഫിസറും ഒരു സ്‌റ്റേറ്റ് പൊലീസ് ഓഫിസറും ഉൾപ്പടെ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്.
അമേരിക്കയിൽ വെടിവയ്‌പ്പ് സ്ഥിരം സംഭവമാണ്. ന്യൂ മെക്‌സിക്കോ സംഭവത്തിന് ഒരാഴ്‌ച മുൻപ് ഒരു മാളിൽ നടന്ന വെടിവയ്പ്പിൽ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഡള്ളാസിലെ മാളിൽ നടന്ന വെടിവയ്പ്പിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.