ചൊവ്വയുടെ ദക്ഷിണദ്രുവത്തിലെ മഞ്ഞുപാളിയുടെ(ice cap) അടിയില്‍ ജലം ദ്രാവക രൂപത്തില്‍ ഉണ്ടാകാം എന്നുള്ള നിഗമനത്തിന് ശക്തി പകരുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കേംബ്രിഡ്‌ജ് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഇത് സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് നേച്വര്‍ അസ്‌ട്രോണമി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഇതിന് മുമ്പ് റഡാര്‍ സിഗ്‌നല്‍ പരിശോധിച്ചാണ് ഇത്തരത്തിലുള്ള ജലം ദ്രാവക രൂപത്തില്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ എത്തിയത്. എന്നാല്‍ റഡാര്‍ വിവരങ്ങള്‍ മാത്രം വിലയിരുത്തി ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിന് പല പരിമിതികളും ഉണ്ടായിരുന്നു. മഞ്ഞുപാളിയുടെ ഉപരിതലത്തിന്‍റെ ആകൃതിയുടെ പാറ്റേണുകള്‍ മനസിലാക്കിയാണ് ഗവേഷകര്‍ അതിന് അടിയില്‍ ജലം ഉണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. സ്‌പേസ്ക്രാഫ്റ്റ് ലേസര്‍ അള്‍ട്ടീമീറ്റര്‍ ഉപയോഗിച്ചാണ് മഞ്ഞുപാളിയുടെ ഉപരിതലത്തിന്‍റെ ഉയരവും മറ്റ് സവിശേഷതകളും മനസിലാക്കിയത്.
ഉപരിതല ആകൃതി വെള്ളമുണ്ടെന്നതിന് തെളിവ്: മഞ്ഞുപാളിക്ക് അടിയില്‍ ജലം ദ്രാവക രൂപത്തില്‍ ഉണ്ടെങ്കില്‍ അതിന്‍റെ ഉപരിതലത്തിന് ചില പ്രത്യേക സവിശേഷതകള്‍ ഉണ്ടാകും. സ്‌പേസ്ക്രാഫ്റ്റ് ലേസര്‍ അള്‍ട്ടീമീറ്ററിലൂടെ മനസിലാക്കിയ ചൊവ്വയിലെ മഞ്ഞുപാളിയുടെ ഉപരിതലത്തിന്‍റെ ആകൃതി അതിനുള്ളില്‍ ജലം ദ്രാവക രൂപത്തില്‍ ഉണ്ടെങ്കില്‍ എങ്ങനെയായിരിക്കുമെന്ന കമ്പ്യൂട്ടര്‍ മോഡലുമായി ഒത്തുപോകുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി.
ഭൂമി പോലെ ചൊവ്വയുടെ രണ്ട് ധ്രുവങ്ങളിലും വിശാലമായ മഞ്ഞുപാളികള്‍ ഉണ്ട്. ദക്ഷിണ ധ്രുവത്തിലെയും ഉത്തര ധ്രുവത്തിലെയും മഞ്ഞുപാളികള്‍ കൂടിചേര്‍ന്നാല്‍ ഗ്രീന്‍ലാന്‍ഡ് ഐസ് ഷീറ്റിന്‍റെ അത്രയും വലിപ്പം വരും. എന്നാല്‍ ഭൂമിയിലെ ധ്രുവങ്ങളിലെ മഞ്ഞുപാളികള്‍ക്കടിയില്‍ വെള്ളവും നദികളും തന്നെ ഒഴുകുന്നുണ്ട്. എന്നാല്‍ അതികഠിനമായ തണുത്ത കാലാവസ്ഥ കാരണം ചൊവ്വയിലെ മഞ്ഞുപാളിയുടെ അടിത്തട്ട് വരെ ശീതികരിക്കപ്പെട്ട ഖരാവസ്ഥയിലാണെന്നായിരുന്നു കരുതിയിരുന്നത്.
റഡാറില്‍ നിന്നുള്ള തെളിവ്: ഈ ഒരു വിലയിരുത്തലിനെ ആദ്യമായി തള്ളിയത് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ചൊവ്വ എക്‌സ്പ്രസ് ഉപഗ്രഹമായിരുന്നു. ഈ ഉപഗ്രഹത്തിന് മഞ്ഞുപാളിയെ തുളച്ച് കടക്കാന്‍ കഴിയുന്ന സിഗ്‌നലുകളുള്ള റഡാര്‍ ഉണ്ട്. റഡാര്‍ സിഗ്‌നലുകളെ വലിയ രീതിയില്‍ പ്രതിപതിക്കുന്ന ഒരു ഭാഗം മഞ്ഞുപാളിയില്‍ കണ്ടെത്തി. ഇത് മഞ്ഞുപാളിയിലെ ദ്രാവക രൂപത്തില്‍ ജലമുള്ള ഭാഗമാണെന്ന വിലയിരുത്തലില്‍ എത്തുകയായിരുന്നു.
എന്നാല്‍ പിന്നീടുള്ള കണ്ടെത്തല്‍ റഡാര്‍ സിഗ്‌നലിനെ മാത്രം ആശ്രയിച്ച് ഇത്തരത്തിലുള്ള ഒരു നിഗമനത്തില്‍ എത്തുന്നതിന്‍റെ പരിമിതികള്‍ ബോധ്യമായി. ചൊവ്വയിലെ ജലാംശമില്ലാത്ത വസ്‌തുക്കള്‍ മഞ്ഞുപാളിക്ക് അടിയില്‍ കിടക്കുകയാണെങ്കില്‍ ഇത്തരത്തില്‍ റഡാര്‍ സിഗ്‌നലുകളെ പ്രതിപതിപ്പിക്കുമെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാല്‍ റഡാര്‍ വിവരങ്ങളില്‍ നിന്ന് ഉപരിയായ തെളിവുകള്‍ ഇപ്പോള്‍ ലഭിച്ച സാഹചര്യത്തില്‍ ചൊവ്വയിലെ മഞ്ഞുപാളിക്കടിയില്‍ ജലമുണ്ടെന്ന നിഗമനത്തിന് ഒന്ന് കൂടി ശക്തി പകര്‍ന്നിരിക്കുകയാണ്. ചൊവ്വയില്‍ ദ്രാവക രൂപത്തില്‍ ജലം സ്ഥിതിചെയ്യുന്നു എന്നതിന് ഇതുവരെ ലഭിച്ച സൂചനകളില്‍ ഏറ്റവും മികച്ച സൂചനയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്ന് എന്ന് പഠന സംഘത്തിലുള്ള ഫ്രാന്‍സിസ് ബുച്ചര്‍ പറഞ്ഞു.
ഭൂമിയില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ വെള്ളം ഉണ്ടോ എന്ന് കണ്ടെത്തുമ്പോള്‍ നമ്മള്‍ ശേഖരിക്കുന്ന രണ്ട് തെളിവുകളും ഇപ്പോള്‍ ചൊവ്വയില്‍ നിന്ന് ലഭിച്ചിരിക്കുകയാണെന്ന് ഫ്രാന്‍സിസ് ബുച്ചര്‍ പറഞ്ഞു. അതായത് റഡാര്‍ സിഗ്‌നലും അതുപോലെ അടിയില്‍ ദ്രാവകരൂപത്തില്‍ ജലം ഉണ്ടാകുമ്പോള്‍ മഞ്ഞുപാളിയുടെ ഉപരിതലത്തിന് ഉണ്ടാകുന്ന സവിശേഷമായ ആകൃതിയും.
ജീവന്‍റെ സാധ്യത എന്ത്?: ദ്രാവക രൂപത്തിലുള്ള ജലം ജീവന്‍റെ നിലനില്‍പ്പിന് വേണ്ട ഏറ്റവും അത്യാവശ്യമായ കാര്യമാണെങ്കിലും വെള്ളമുള്ളത് കൊണ്ട് മാത്രം ജീവന്‍ നിലനില്‍ക്കണമെന്നില്ല. ഇത്രയും ശൈത്യമുള്ള സാഹചര്യത്തില്‍ ജലം ദ്രാവക രൂപത്തില്‍ സ്ഥിതി ചെയ്യുകയാണെങ്കില്‍ അതില്‍ വളരെ കൂടുതല്‍ ഉപ്പുണ്ടായിരിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ സൂക്ഷ്‌മാണുക്കള്‍ അതില്‍ വളരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ചൊവ്വയിലെ കാലാവസ്ഥ അത്ര കഠിനമല്ലാത്ത മുന്‍കാലത്ത് ജീവികള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടായിരുന്നിരിക്കാം എന്ന നിഗമനം ഉണ്ട്.
ചൊവ്വയിലെ അതിശൈത്യ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മഞ്ഞുപാളിയുടെ അടിയില്‍ വെള്ളമുണ്ടാകണമെങ്കില്‍ ഇന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ആന്തരികമായ ചൂട്(geothermal heat) ചൊവ്വാഗ്രഹത്തിന് ഉണ്ടാവണം. ചൊവ്വയുടെ ഉപരിതല ഘടന സംബന്ധിച്ച തെളിവുകളും കമ്പ്യൂട്ടര്‍ മാതൃകകളും റഡാര്‍ തെളിവുകളും നല്‍കുന്ന സൂചന ചൊവ്വയുടെ ഒരു പ്രദേശത്തെങ്കിലും മഞ്ഞുപാളികള്‍ക്കടിയില്‍ വെള്ളമുണ്ടെന്നാണ്. ചൊവ്വ ആന്തരികമായി ചൂട് ഉത്‌പാദിപ്പിച്ചാല്‍ മാത്രമെ (geothermally active) മഞ്ഞുപാളികള്‍ക്കടിയില്‍ ജലത്തിന് ദ്രാവക രൂപത്തില്‍ തുടരാന്‍ സാധിക്കുകയുള്ളൂവെന്ന് ഗവേഷകന്‍ നെയില്‍ ആര്‍നോള്‍ഡ് പറഞ്ഞു.