കീവ്: റഷ്യ യുക്രൈന്‍ യുദ്ധം 82ാം ദിനത്തില്‍ എത്തിനില്‍ക്കെ റഷ്യയുടെ സൈനിക നടപടി ഇപ്പോള്‍ കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌കില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. യുക്രൈനിന്‍റെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍ക്കീവിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും റഷ്യന്‍ സേന പൂര്‍ണമായും പിന്‍മാറി. അതേസമയം യൂറോപ്യന്‍ യൂണിയന്‍ യുക്രൈന് 520 ദശലക്ഷം യുഎസ് ഡോളറിന്‍റെ സഹായം കൂടി പ്രഖ്യാപിച്ചു.
റഷ്യന്‍ സേന ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത് ലുഹാന്‍സ്‌ക് പൂര്‍ണമായും പിടിക്കാനാണെന്ന് ഐസ്‌ഡബ്ല്യു(Institute for the Study of War) വ്യക്തമാക്കി. ലുഹാന്‍സ്‌ക്, ഡൊണെസ്‌ക് എന്നീ പ്രവിശ്യങ്ങള്‍ അടങ്ങുന്നതാണ് കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ്. ലുഹാന്‍സ്‌കിനേയും ഡൊണെസ്‌കിനേയും സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ഫെബ്രവരി 24ന് റഷ്യന്‍ സേന യുക്രൈനില്‍ സൈനിക അധിനിവേശം നടത്തിയത്. ഡോണ്‍ബാസിന്‍റെ മൂന്നില്‍ ഒരു ഭാഗം മാത്രമെ റഷ്യന്‍ അധിനിവേശത്തിന് മുമ്പ് റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നുള്ളൂ.
ഡൊണെസ്‌ക് നഗരത്തിന്‍റെ തെക്ക് സ്ഥിതിചെയ്യുന്ന ഇസിയൂമില്‍ വിന്യസിക്കപ്പെട്ട യുക്രൈനിയന്‍ സൈനികരെ വളയുക എന്ന ലക്ഷ്യത്തില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറുകയാണെന്നാണ് ഐഎസ്‌ഡബ്ല്യു വിലയിരുത്തുന്നത്. ഡൊണെസ്‌ക് പൂര്‍ണമായി പിടിച്ചെടുക്കാന്‍ ആവില്ല എന്നുള്ള വിലയിരുത്തലാണ് റഷ്യന്‍ സേനയ്‌ക്കുള്ളത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാറ്റോ വ്യാപനം പുടിനെ കൂടുതല്‍ പ്രകോപിപ്പിക്കും: അതേസമയം സ്വീഡനേയും ഫിന്‍ലന്‍റിനേയും നാറ്റോയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കാന്‍ നാറ്റോ പദ്ധതിയിട്ടിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് വലിയ സമ്മര്‍ദ്ദമാണ് ഈ തീരുമാനം നല്‍കുന്നത്. പാശ്ചാത്യ സൈനിക സംഖ്യമായ നാറ്റോ റഷ്യന്‍ അതിര്‍ത്തിയിലേക്ക് വ്യാപിക്കാതിരിക്കാന്‍ യുക്രൈനെതിരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നായിരുന്നു പുടിന്‍റെ പ്രഖ്യാപനം. ഫിന്‍ലന്‍റ് റഷ്യയുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.
ഫിന്‍ലന്‍റും സ്വീഡനും നാറ്റോയുടെ ഭാഗമായാല്‍ അത് വലിയ പ്രകോപനമാണ് റഷ്യയ്‌ക്കുണ്ടാക്കുക. റഷ്യയും നാറ്റോയുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കുമോ എന്നുള്ള ആശങ്ക ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ക്കുണ്ട്. ആണവശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്‍റെ പ്രത്യാഘാതം വലുതായിരിക്കും. സ്വീഡനിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടി നാറ്റോ അംഗത്വത്തിനായുള്ള അപേക്ഷയെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നാറ്റോയ്‌ക്ക് രാജ്യത്ത് സ്ഥിരം സൈനിക താവളം ഉണ്ടാകാന്‍ പാടില്ല എന്ന നിലപാടിലാണ്.