വാഷിങ്‌ടൺ: യുക്രൈനോട് ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യൻ മിസൈൽ പ്രസെവോഡോ ഗ്രാമത്തിൽ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
കിയവ്, ഖാർകീവ്, ലിവിവ് തുടങ്ങി യുക്രൈനിലെ പ്രധാന നഗരങ്ങളിലെ മിസൈൽ ആക്രമണത്തിനിടെയാണ് യുക്രൈൻ അതിർത്തിക്കടുത്തുള്ള പോളിഷ് ഗ്രാമത്തിലാണ് മിസൈലുകൾ പതിച്ചത്. സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിക്കുകയും സൈന്യത്തോട് സജ്ജമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പ്രസിഡന്‍റ് ആന്ദ്രെ ദൂദ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. അംഗരാജ്യമായ പോളണ്ടിൽ മിസൈൽ പതിച്ചതിന് പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു.
ജി-20 ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് മുന്നിൽ സമാധാനത്തിനായി പത്ത് നിർദേശങ്ങളവതരിപ്പിച്ച് യുക്രൈൻ പ്രസിഡന്‍റ് വീഡിയോ സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു യുക്രൈനിൽ റഷ്യൻ ആക്രമണം. പോളണ്ട് പ്രസിഡന്‍റ് ആന്ദ്രെ ദൂദ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായി സ്ഥിതിഗതികള്‍ പങ്കുവച്ചു.
ഇത് വളരെ ഗുരുതരമായ സംഭവമാണെന്നും പക്ഷേ ചിത്രം വ്യക്തമല്ലെന്നും നാറ്റോ അംഗരാജ്യമായ നോർവെയുടെ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ് പറഞ്ഞു. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടണമെന്ന് ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു.
പിന്തുണയുമായി ബൈഡനും ഋഷിയും: പോളണ്ടിന്‍റെ അന്വേഷണത്തിന് ബൈഡൻ യുഎസിന്‍റെ പൂർണ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ബ്രിട്ടനും പോളണ്ടിന് ഐക്യഢ്യം പ്രഖ്യാപിച്ചതായി ഋഷി സുനക് അറിയിച്ചു. രാജ്യത്തോടുള്ള അടുത്ത ബന്ധം നിലനിർത്തുമെന്നും നാറ്റോ സഖ്യകക്ഷികളുമായി ഏകോപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈവിട്ട കളിയിൽ ഇടപെട്ട് നാറ്റോ: ആക്രമണത്തെക്കുറിച്ച് നാറ്റോയും പോളണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ചൊവ്വാഴ്‌ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും സെലെൻസ്‌കിയും ഇന്തോനേഷ്യയിൽ നടന്ന ഉച്ചകോടിയിൽ ജി 20 നേതാക്കളെ റഷ്യയുടെ ആണവ ഭീഷണികളെയും ഭക്ഷ്യ ഉപരോധങ്ങളെയും ശക്തമായി അപലപിച്ചു. യുക്രൈനിയൻ അതിർത്തിക്കടുത്തുള്ള സ്ഫോടനത്തെത്തുടർന്ന്, പോളണ്ട് തങ്ങളുടെ സൈനികരുടെ യുദ്ധ സന്നദ്ധത വർധിപ്പിക്കുമെന്നും നാറ്റോ സൈനിക സഖ്യ ഉടമ്പടിയുടെ ആർട്ടിക്കിൾ നാല് (സഖ്യത്തിലെ ഏതെങ്കിലും രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കോ സ്വാതന്ത്ര്യത്തിനോ ഭീഷണി നേരിട്ടാൽ സഖ്യത്തിലെ മറ്റു രാജ്യങ്ങൾ ഐക്യദാർഢ്യം നൽകും) സജീവമാക്കുന്നത് പരിഗണിക്കുമെന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ട്.
ഇരുട്ടിൽ തപ്പി യുക്രൈൻ ജനത: റഷ്യ ഇതുവരെ പ്രയോഗിച്ചതിൽ ഏറ്റവും വലിയ മിസൈൽ ആക്രമണമാണ് കഴിഞ്ഞ ദിവസം യുക്രൈൻ നേരിട്ടത്. രാജ്യത്തിന്‍റെ ഊർജ നിലയങ്ങൾ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ നിരവധി വൈദ്യുത നിലയങ്ങൾ തകർന്നിരുന്നു. റഷ്യ കുറഞ്ഞത് 85 മിസൈലുകളെങ്കിലും തൊടുത്തുവിട്ടതായും അവയിൽ ഭൂരിഭാഗവും രാജ്യത്തിന്‍റെ വൈദ്യുതി സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും ഇതു മൂലം യുക്രൈനിലെ പല മേഖലകളും ഇരുട്ടിലായെന്നും അധികൃതർ പറഞ്ഞു.
എന്നാൽ ഭീകരത സംസ്ഥാന അതിർത്തികളിൽ പരിമിതമല്ലെന്നും ഇതിനെയെല്ലാം രാജ്യം അതിജീവിക്കുമെന്നും യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്മിര്‍ സെലൻസ്‌കി പറഞ്ഞു. ആക്രമണത്തിൽ പ്രതീക്ഷിച്ചതിലും ശക്തമായ പ്രതിരോധമാണ് യുക്രൈൻ ഇതുവരെ നടത്തിയത്.