ന്യൂഡല്‍ഹി : കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ലോകരാജ്യങ്ങളെ സഹായിക്കുന്നതിനായി ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലേക്ക് (Green Climate Fund -GCF) 2 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് (Rishi Sunak Announces Finance To GCF). COP15 ലെ കോപ്പന്‍ഹേഗന്‍ ഉടമ്പടി പ്രകാരം 194 രാജ്യങ്ങള്‍ ചേര്‍ന്നാണ് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് രൂപീകരിച്ചത്. ജി 20 ഉച്ചകോടിയുടെ (G20 Summit New Delhi) സമാപന ദിവസമായ ഇന്ന് നടന്ന സെഷനില്‍, കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്‌ക്കുന്നതിനും സാമ്പത്തികമായി ദുര്‍ബലരായ രാജ്യങ്ങളെ സഹായിക്കുന്നതിനും നടപടി എടുക്കണമെന്ന് ഋഷി സുനക് ആവശ്യപ്പെട്ടു.
യുണൈറ്റഡ് അറബ് എമിറേറ്റുകളിലാണ് COP28 കാലാവസ്ഥ ഉച്ചകോടി നടക്കുക. ഇതിന്‍റെ മുന്നോടിയായാണ് കാര്‍ബണ്‍ പുറന്തള്ളുന്നതിന്‍റെ അളവ് കുറയ്‌ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഋഷി സുനക് സഹ നേതാക്കന്‍മാരോട് ആഹ്വാനം ചെയ്‌തത്. അന്താരാഷ്‌ട്ര തലത്തില്‍ കാലാവസ്ഥ വ്യതിയാനത്തിനുള്ള ധനസഹായമായി 4.46 ബില്യണ്‍ ഡോളര്‍ നല്‍കാനുള്ള ബ്രിട്ടിഷ് സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിന് 2 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചതെന്നും ഋഷി സുനക് വ്യക്തമാക്കി.
എന്താണ് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് : കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള യുഎന്‍ ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍റെ (United Nations Framework Convention on Climate Change -UNFCCC) സാമ്പത്തിക സംവിധാനത്തിന്‍റെ ഭാഗമാണ് ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട്. 2010 ല്‍ സ്ഥാപിതമായ ജിസിഎഫ് പാരിസ് ഉടമ്പടിയുടെ ഭാഗമായും പ്രവര്‍ത്തിക്കുന്നു. വികസ്വര രാജ്യങ്ങളില്‍ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതും കാലാവസ്ഥ പ്രതിരോധ ശേഷിയുള്ളതുമായ വികസന പ്രവര്‍ത്തങ്ങളെ പിന്തുണയ്‌ക്കുക എന്നതാണ് ലക്ഷ്യം. വികസ്വര രാജ്യങ്ങളെ ഇത്തരത്തില്‍ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ധനസഹായ സംവിധാനമാണ് ജിസിഎഫ്. രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 24 അംഗ ബോര്‍ഡ് നിയന്ത്രിക്കുന്ന ഫണ്ടിന്‍റെ ആസ്ഥാനം കൊറിയയാണ്.
ഇന്നലെ (സെപ്‌റ്റംബര്‍ 9) ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ജി 20 ഉച്ചകോടിക്ക് ഇന്നാണ് സമാപനം. അവസാന ദിനമായ ഇന്ന് ലോകനേതാക്കള്‍ രാജ്‌ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരം അര്‍പ്പിച്ചതിന് ശേഷമാണ് സെഷന്‍ ആരംഭിച്ചത്. ജി 20 വേദിയായ ഭാരത മണ്ഡപത്തില്‍ ലോക നേതാക്കള്‍ വൃക്ഷ തൈകള്‍ നടുകയും ചെയ്‌തു.
Also Read : G20 Summit Second Day : ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനം ; മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് തുടക്കം
റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകള്‍, സാമ്പത്തിക പ്രശ്‌നങ്ങൾ അടക്കമുള്ള വിഷയങ്ങള്‍ കൂട്ടായി പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന ജി20 സംയുക്ത പ്രഖ്യാപനം ഇന്നലെ ലോക നേതാക്കള്‍ ഏകകണ്‌ഠമായി അംഗീകരിച്ചിരുന്നു. ആഗോള ജൈവ ഇന്ധന സഖ്യത്തിന്‍റെ സമാരംഭത്തിന് യുഎസ്, ഇന്ത്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ പുതിയ കണക്റ്റിവിറ്റി നെറ്റ്‌വർക്കുകൾ ആരംഭിക്കുമെന്ന ആഹ്വാനവും ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ ഉണ്ടായി.