കാഠ്‌മണ്ഡു: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്‍ററിന്‍റെ ചെയർമാൻ പുഷ്‌പ കമൽ ധഹലിനെ പുതിയ നേപ്പാൾ പ്രധാനമന്ത്രിയായി നിയമിച്ചു. ഉഗ്രൻ എന്നർഥം വരുന്ന 'പ്രചണ്ഡ' എന്ന പേരിൽ അറിയപ്പെടുന്ന ധഹലിനെ പ്രധാനമന്ത്രിയായി നിയമിച്ച കാര്യം രാഷ്‌ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരിയുടെ ഓഫിസാണ് അറിയിച്ചത്. ഇത് മൂന്നാം തവണയാണ് ധഹൽ നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്. തിങ്കളാഴ്‌ച വൈകിട്ട് നാല് മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.
പുതിയ സർക്കാർ രൂപീകരിക്കാൻ പാർലമെന്‍റിലെ 275 അംഗങ്ങളിൽ 169 അംഗങ്ങളുടെയും പിന്തുണ നേടിയ ശേഷമാണ് ധഹൽ മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ തൂക്കുസഭയായിരുന്നു നേപ്പാളിൽ വന്നത്. നിലവിൽ ആറ് പാർട്ടികളുടെ പിന്തുണയോടെയാണ് ധഹൽ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ആദ്യ രണ്ടര വർഷം ധഹൽ പ്രധാനമന്ത്രിയാകുമെന്നാണ് നിലവിലെ ധാരണ.
അടുത്ത രണ്ടര വർഷം സിപിഎൻ-യുഎംഎലിനാണ് അവസരം. പുതിയ സഖ്യത്തിൽ സിപിഎൻ-യുഎംഎല്ലിന് 78, മാവോയിസ്റ്റ് സെന്‍റർ 32, രാഷ്ട്രീയ സ്വതന്ത്ര പാർട്ടി 20, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി 14, ജനതാ സമാജ്ബാദി പാർട്ടി 12, ജനമത് പാർട്ടി 6, നാഗരിക് ഉൻമുക്തി പാർട്ടി 4, എന്നിവരെ കൂടാതെ മൂന്ന് സ്വതന്ത്രന്മാരും ഉൾപ്പെടെ 169 പാർലമെന്‍റ് അംഗങ്ങളാണ് പ്രചണ്ഡയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്.
2008ലും 2016ലുമാണ് പ്രചണ്ഡ മുമ്പ് രണ്ടുതവണ നേപ്പാള്‍ പ്രധാനമന്ത്രിയായത്. 13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍-മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോയിസ്റ്റ് രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച ധഹൽ 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.