കൊളംബോ : ഭരണകൂടത്തിനെതിരായ പ്രതിഷേധം ആളിക്കത്തുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പിടിച്ചെടുത്ത് ജനങ്ങള്‍. രാജ്യതലസ്ഥാനമായ കൊളംബോയില്‍ പ്രതിഷേധം കനക്കുകയും റെനില്‍ വിക്രമസിംഗെയുടെ ഓഫിസിലേക്ക് ആള്‍ക്കൂട്ടം അതിക്രമിച്ചുകയറുകയുമായിരുന്നു. പ്രതിഷേധക്കാരെ തുരത്താൻ സുരക്ഷാഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല.
ALSO READ| ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് ബുധനാഴ്‌ച രാവിലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആക്‌ടിങ് പ്രസിഡന്‍റ് എന്ന അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശേഷമാണ്, പ്രധാനമന്ത്രിയ്‌ക്കെതിരെ ജനം തിരിഞ്ഞത്. സംഘർഷ മേഖലകളില്‍ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രംഗത്തെത്തി. പ്രധാനമന്ത്രിക്ക്, രാഷ്‌ട്രപതിയുടെ അധികാരം ഉപയോഗിക്കാനാവില്ല. കർഫ്യൂവോ അടിയന്തരാവസ്ഥയോ പ്രഖ്യാപിക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ രാഷ്‌ട്രപതി നിയമിക്കണം.
അല്ലെങ്കില്‍, ചീഫ് ജസ്‌റ്റിസ് സ്‌പീക്കറുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതിക്ക് നടപടിയെടുക്കാൻ കഴിയില്ലെന്ന സ്ഥിതിയില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.