പ്രാഗ് : ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവച്ചുകൊന്നു. പതിനഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, വിനോദസഞ്ചാര കേന്ദ്രം കൂടിയായ ചാള്‍സ് ബ്രിഡ്‌ജിനടുത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത് (Prague University shooting).
വെടിയേറ്റ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്‌സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവച്ച് വീഴ്ത്തിയത്. പിന്നീട് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. പ്രാദേശിക സമയം ഇന്നലെ ഉച്ചതിരിഞ്ഞ് 3.40 നായിരുന്നു വെടിവയ്പ്പ് തുടങ്ങിയത്. ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തെത്തി.
വെടിവയ്‌പ്പ് നടത്തിയത് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 24കാരനായ ഡേവിഡ് കെ എന്ന വിദ്യാര്‍ത്ഥിയാണ് നിറയൊഴിച്ചത്. രാജ്യാന്തര ഭീകരതയുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. സര്‍വകലാശാലയിലെ ആക്രമണത്തിന് മുമ്പ് ഇയാള്‍ പ്രാഗില്‍ നിന്ന് 20 മൈല്‍ അകലെയുള്ള ഹൂസ്റ്റണിലെ ഗ്രാമത്തില്‍ സ്വന്തം പിതാവിനെ വെടിവച്ച് കൊന്നതായും റിപ്പോര്‍ട്ടുണ്ട്.
ചാള്‍സ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ വിദ്യാര്‍ത്ഥി ആണ് ഡേവിഡ്. ഇയാള്‍ക്ക് സെലത്ന സ്ട്രീറ്റിലുള്ള സര്‍വകലാശാലയുടെ മറ്റൊരു കെട്ടിടത്തില്‍ ക്ലാസ് ഉണ്ടായിരുന്നു. ഇയാള്‍ അവിടേക്ക് പോകാതെ പ്രധാന കെട്ടിടത്തിലേക്ക് വരാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഇവിടെയെത്തിയാണ് ഇയാള്‍ വെടിവയ്‌പ്പ് നടത്തിയത്.
പരിസരവാസികള്‍ പുറത്ത് ഇറങ്ങരുതെന്ന് പൊലീസ് നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ അക്രമികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ചെക്ക് റിപ്പബ്ലിക്കില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വമാണ്. 2019ലും 2015ലുമാണ് മുമ്പ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഒരു ആശുപത്രിയില്‍ 42കാരന്‍ ആറ് പേരെ വെടിവച്ച് കൊന്നിരുന്നു. 2015ല്‍ ഒരു ചെറുപ്പക്കാരന്‍ ഒരു ഭക്ഷണ ശാലയില്‍ വച്ച് എട്ടുപേരെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.