പോർട്ട്‌ലാൻഡ് : ഹൊറൈസൺ എയർ വിമാനത്തിന്‍റെ (Horizon Air flight) എഞ്ചിനുകൾ ഷട്ട്‌ഡൗൺ ചെയ്യാൻ ശ്രമിച്ച കേസിൽ (Off-Duty Airline Pilot Attempted To Shut Down Flight Engine) ഓഫ് ഡ്യൂട്ടി പൈലറ്റ് മാജിക് മഷ്‌റൂം (Magic Mushroom) കഴിച്ചിരുന്നതായി വെളിപ്പെടുത്തൽ. അറസ്‌റ്റിലായ പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സൺ (Joseph David Emerson) ആണ് വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ മാനസികാരോഗ്യം മോശമായിരുന്നതിനാൽ അടുത്തിടെ സൈക്കഡെലിക് മഷ്‌റൂം (psychedelic mushrooms) (മാജിക് മഷ്‌റൂം) കഴിച്ചതായി എമേഴ്‌സൺ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള ഹൊറൈസൺ വിമാനത്തിൽ ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റായ ജോസഫ് ഡേവിഡ് എമേഴ്‌സണാണ് വിമാനത്തിന്‍റെ എഞ്ചിനുകൾ വായുവിൽ നിര്‍ത്താനായി ശ്രമിച്ചത്. അലാസ്‌ക എയർലൈൻസ് (Alaska Airlines) പൈലറ്റായ ഇയാൾക്കെതിരെ കൊലപാതകശ്രമം, അപായപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ജോസഫിന് മാനസിക തകർച്ച ഉണ്ടായിരുന്നതായും ഉടൻ വിമാനത്തിൽ നിന്ന് ഇറക്കിവിടണമെന്ന് യാത്രക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടുണ്ട്.
അതേസമയം, വിമാനത്തിലെ പൈലറ്റും സഹ പൈലറ്റും സ്ഥിതിഗതികളോട് പെട്ടെന്ന് പ്രതികരിച്ചതിനാൽ വലിയ ദുരന്തം ഒഴിവായിരുന്നു. വിമാനത്തിന്‍റെ എഞ്ചിൻ പവർ നഷ്‌ടമാകാതെ പോർട്ട്‌ലാൻഡ് ഒറിഗോണിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായാണ് യാത്രക്കാരെ താഴെയിറക്കിയത്. 80 യാത്രക്കാരും നാല് ജീവനക്കാരും സഞ്ചരിച്ച ഹൊറൈസൺ എയർ എംബ്രയർ 175 എന്ന വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്.
40 മണിക്കൂറായി ഉറങ്ങിയിട്ടില്ലെന്ന് എമേഴ്‌സൺ : സംഭവവുമായി ബന്ധപ്പെട്ട് 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഫെഡറൽ പ്രോസിക്യൂട്ടർമാർ പൈലറ്റിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, തന്‍റെ ഒരു സുഹൃത്തിന്‍റെ വിയോഗത്തെ തുടർന്ന് താൻ വിഷാദരോഗവുമായി മല്ലിടുകയായിരുന്നുവെന്ന് പോർട്ട്‌ലാൻഡ് പൊലീസിനോട് എമേഴ്‌സൺ പറഞ്ഞു. എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിന് 48 മണിക്കൂർ മുമ്പ് താൻ മാജിക് മഷ്‌റൂം കഴിച്ചിരുന്നു. 40 മണിക്കൂറോളമായി ഉറങ്ങാൻ സാധിച്ചിട്ടില്ലെന്നും പൈലറ്റ് വെളിപ്പെടുത്തി.
അലാസ്‌ക എയർലൈൻസ് ഗേറ്റ് ഏജന്‍റുമാരോ ഫ്ലൈറ്റ് ക്രൂവോ യാത്രയിൽ നിന്നും വിലക്കാൻ മാത്രമായുള്ള പ്രശ്‌നങ്ങളൊന്നും എമേഴ്‌സണിൽ ശ്രദ്ധിക്കെപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ചയാണ് എമേഴ്‌സണെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.