ഇസ്ലാമാബാദ് : രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് താത്കാലിക പരിഹാരമായതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും ധനകാര്യ മന്ത്രിയായിരുന്ന ഇഷാക്ക് ദാറും. സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവുമായ ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരിച്ചെത്തിയതോടെയാണ്, രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന നവാസ് ഷരീഫ് രാജ്യത്തേക്ക് തിരിച്ചെത്തുന്നത്. ഇരുവരുടെയും പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടുകഴിഞ്ഞു.
ഇതോടെ ലണ്ടനിലെ പാകിസ്ഥാന്‍ ഹൈ കമ്മീഷന്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജൂലൈ 2017ലാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നിരവധി അഴിമതി കേസുകള്‍ ചേര്‍ത്ത് ഷരീഫിനെതിരെ കേസ് ഫയല്‍ ചെയ്തത്. പനാമ പേപ്പര്‍ അഴിമതി കേസില്‍ അടക്കം ശിക്ഷിക്കപ്പട്ടിരുന്നു. ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ ലാഹോർ ഹൈക്കോടതി നാലാഴ്ചത്തെ അനുമതി നൽകിയതിനെ തുടർന്ന് 2019ലാണ് നവാസ് ഷെരീഫ് ലണ്ടനിലേക്ക് പോയത്.
Also Read: ഇമ്രാന്‍റെ പതനം പൂര്‍ണം ; ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രി
നിലവില്‍ അദ്ദേഹം ആരോഗ്യവാനാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നവാസ് ഷെരീഫിന്റെ പാസ്‌പോർട്ട് പുതുക്കിയില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ അത് റദ്ദാക്കിയിരുന്നു. എന്നാല്‍ ഷരീഫ് മടങ്ങിവരാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിലപാട്. അൽ-അസീസിയ മിൽ അഴിമതിക്കേസിൽ ലാഹോറിലെ കോട് ലഖ്പത് ജയിലിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ച നവാസ് ഷെരീഫിന് ജാമ്യം ലഭിച്ചിരുന്നു. ഈദിന് ശേഷം രാജ്യത്തേക്ക് മടങ്ങിയെത്താനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.