ഇസ്ലാമബാദ് : പാകിസ്ഥാനിലെ അവാമി നാഷണൽ പാർട്ടി (Awami National Party) പ്രവിശ്യ കൗൺസിൽ അംഗം ജാവേദ് ഖാൻ (55) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു (Pak Political Leader Javed Khan Shot Dead). ശനിയാഴ്ച പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ (Khyber Pakhtunkhwa) സ്വാബി മേഖലയിലാണ് സംഭവം നടന്നത്. രണ്ട് മോട്ടോർ സൈക്കിളുകളിലെത്തിയ അജ്ഞാതരാണ് ജാവേദിനുനേരെ വെടിയുതിർത്തതെന്ന് പാകിസ്ഥാനി മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ എഎൻപി നേതാവിനുനേരെ അക്രമികൾ വെടിയുതിർത്തെന്ന് വ്യക്തമായതായി സ്ഥലം ഡിഎസ്‌പി ജവാദ് ഖാൻ പറഞ്ഞു. അക്രമികൾ ഖാന്‍റെ അടുത്തേക്ക് ചെന്ന് വെടിയുതിർക്കുകയായിരുന്നെന്ന് ഖാൻ പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇതൊരു ഭീകരവാദ സംഭവമല്ലെന്നും നേതാവിന്‍റെ കുടുംബവുമായി മുന്‍വൈരാഗ്യമുള്ള ബന്ധുക്കൾ തന്നെ ചെയ്‌തതാണെന്ന് സംശയിക്കുന്നതായും ഡിഎസ്‌പി വ്യക്തമാക്കി.
Also Read: 'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യം': യു.എന്നില്‍ ഇന്ത്യ
സ്വാബി നഗരത്തിൽ നിന്ന് ചില അവശ്യസാധനങ്ങൾ വാങ്ങുമ്പോഴാണ് താന്‍ പിതാവിന്‍റെ മരണവാർത്ത അറിയുന്നതെന്ന് മകൻ അബ്ബാസ് ഖാൻ പൊലീസിനോട് പറഞ്ഞു. താന്‍ കാണുമ്പോള്‍ കാസിംഖേൽ പ്രദേശത്തെ സ്വാബി ഖബർസ്ഥാനിന് സമീപം പിതാവ് മരിച്ചുകിടക്കുകയായിരുന്നു. രണ്ട് അജ്ഞാത മോട്ടോർ സൈക്കിളുകളില്‍ വന്നവര്‍ പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് നാട്ടുകാർ തന്നോട് പറഞ്ഞതായും അബ്ബാസ് ഖാൻ അറിയിച്ചു. അതേസമയം ഇത് തീവ്രവാദമാണോ മുന്‍വൈരാഗ്യമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് അവാമി നാഷണൽ പാർട്ടിയുടെ ജില്ല ജനറൽ സെക്രട്ടറി നവാബ്‌സാദ പറഞ്ഞത്.
ജാവേദ് ഖാന്‍റെ പ്രവര്‍ത്തന മേഖലയായ ഖൈബർ പഖ്‌തൂൺഖ്വയില്‍ ബാർ കംബർ ഖേൽ ഗോത്രത്തിലെ ആളുകളെ ലക്ഷ്യമിട്ട് കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. സെപ്റ്റംബര്‍ 17-ന് ഗോത്രത്തിന്‍റെ യോഗം ചേര്‍ന്നപ്പോള്‍ തങ്ങളുടെ ആളുകളെ ലക്ഷ്യമിട്ടുള്ള കൊലകളുടെ എണ്ണം കൂടുന്നതില്‍ നേതാക്കള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അടിയന്തര നടപടിയെടുക്കാൻ നേതാക്കള്‍ നിയമപാലകരോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നതായി ഡോൺ പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
Also Read: 75 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലെ തറവാട്ടുവീട് സന്ദർശിച്ച് 90 കാരി; രാജകീയ വരവേൽപ്പുമായി നാട്ടുകാർ
തങ്ങളെ ലക്ഷ്യംവയ്ക്കുന്ന കൊലപാതകങ്ങൾക്കെതിരായ ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തെ ഗോത്ര നേതാക്കള്‍ ക്രിമിനൽ അശ്രദ്ധയായി വിശേഷിപ്പിച്ചു. ഭരണാധികാരികളും നിയമപാലകരും നിഷ്ക്രിയത്വം തുടര്‍ന്നാല്‍ ഇത്തരത്തില്‍ കൊല ചെയ്യപ്പെടുന്നവരെ സംസ്‌കരിക്കാതെ മൃതദേഹവുമായി പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനവും ഗോത്ര യോഗത്തില്‍ കൈക്കൊണ്ടിരുന്നു.