ഇസ്ലാമാബാദ്: വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിലെ സംഭാഷണങ്ങൾ ചോർന്ന സംഭവത്തിൽ ദേശീയ സുരക്ഷ സമിതിയുടെ (എൻഎസ്‌സി) യോഗം വിളിച്ച് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ്. ബുധനാഴ്‌ച(28.09.2022) പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുക. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിവരസാങ്കേതിക വകുപ്പ് മന്ത്രി, ധനമന്ത്രി, മറ്റ് പ്രധാന കാബിനറ്റ് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള ഉന്നത സൈനിക, സിവിലിയൻ നേതൃത്വം യോഗത്തിൽ പങ്കെടുക്കും.
ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തിയ രഹസ്യ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന ഓഡിയോ റെക്കോഡുകളാണ് കഴിഞ്ഞയാഴ്‌ച ഇന്‍റർനെറ്റിൽ പ്രചരിച്ചത്. സംഭവം രാജ്യത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലെ സുരക്ഷ സംബന്ധിച്ച് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
തുടർന്ന് തിങ്കളാഴ്‌ച പിഎംഎൽ-എൻ നേതാക്കളുടെ കൂടുതൽ ശബ്‌ദ സന്ദേശം പുറത്തുവന്നു. പ്രളയത്തെ തുടർന്ന് മാറ്റിവച്ച ഉപതെരഞ്ഞെടുപ്പ് നേരിടുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുന്ന ശബ്‌ദ സന്ദേശമാണ് പുറത്തായത്. സംഭവത്തിൽ കരസേനയുടെ കീഴിലുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത അന്വേഷണ സംഘവും ഇന്‍റലിജൻസ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ദേശീയ സുരക്ഷ സമിതിയ്‌ക്ക് മുമ്പാകെ സമർപ്പിക്കും.
പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഭാഷണം ചോർന്ന സംഭവത്തിൽ പ്രധാനമന്ത്രി ഷരീഫ് രാജി വയ്‌ക്കണമെന്ന് മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാൻ പറഞ്ഞു.
എന്നാൽ വിഷയം വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണെന്നും പ്രധാനമന്ത്രിയുടെ വസതി സന്ദർശിച്ച ആരെങ്കിലും മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്‌താണ് സംഭാഷണം ചോർത്തിയതെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ വസതിയിൽ ആരെങ്കിലും സംഭാഷണം ചോർത്താനുള്ള ഉപകരണം സ്ഥാപിച്ചതാണെങ്കിൽ അത് ഗുരുതരമായ സുരക്ഷ ലംഘനമാണ്. ആരാണ് ഉപകരണം സ്ഥാപിച്ചതെന്നും എങ്ങനെ സ്ഥാപിച്ചുവെന്നും കണ്ടുപിടിക്കണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സനാഉല്ല പറഞ്ഞു.
വിഷയത്തിൽ ഇന്‍റലിജൻസ് ബ്യൂറോയും ഇന്‍റർ സർവിസസ് ഇന്‍റലിജൻസും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയെന്നും എൻഎസ്‌സി യോഗത്തിൽ കണ്ടെത്തലുകൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് തന്‍റേതോ പ്രധാനമന്ത്രിയുടേതോ ഉൾപ്പെടെ ആരുടെ മൊബൈൽ ഫോൺ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം. എന്നാൽ ഭാവിയിൽ ഇത്തരം പ്രവൃത്തികൾ തടയാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.