വെല്ലിങ്‌ടണ്‍ (ന്യൂസിലന്‍ഡ്): ആഗോള സമുദ്ര താപനിലയുടെ ഏറ്റവും പുതിയ സമഗ്രമായ അവലോകനത്തിലൂടെ ഗവേഷകര്‍ക്ക് 1950കള്‍ മുതലുള്ള സമുദ്ര താപനത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചു. ഭാവിയിലെ താപനത്തെ കുറിച്ച് പ്രവചിക്കാനും ഇതിലൂടെ സാധിക്കുമെന്നും അന്താരാഷ്‌ട്ര ഗവേഷക സംഘം വ്യക്തമാക്കി.
സമുദ്രത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് 2,000 മീറ്റര്‍ വരെയുള്ള ഭാഗത്തെ 2010 ലെ താപന നിരക്ക് 1960നെ അപേക്ഷിച്ച് ഇരട്ടിച്ചു എന്ന് ശാസ്‌ത്ര ജേര്‍ണലായ നേച്വറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കി . ന്യൂസിലന്‍ഡ്, യുഎസ്, യുകെ, ഫ്രാന്‍സ്, ഓസ്ട്രേലിയ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് ഈ പഠനം നടത്തിയത്. നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെങ്കില്‍ 2090 ആകുമ്പോഴേക്കും സമുദ്രോപരിതലത്തിലെ താപന നിരക്ക് നിലവിലേതിനേക്കാള്‍ നാലിരട്ടി കൂടുതലായിരിക്കും. ഇത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
പാരിസ് ഉടമ്പടി ലക്ഷ്യം വയ്‌ക്കുന്നതുപോലെ ലോകത്ത് വ്യവസായവത്‌ക്കരണം നടക്കുന്നതിന് മുമ്പുള്ള താപനിലയില്‍ നിന്നുള്ള വര്‍ധനവ് രണ്ട് ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ പരിമിതപ്പെടുത്താന്‍ സാധിച്ചാല്‍ സമുദ്ര താപനത്തിന്‍റെ ത്വരിതപ്പെടല്‍ 2030ഓടുകൂടി അവസാനിക്കുമെന്നും ഗവേഷകര്‍ ചൂണ്ടികാട്ടി. ഹരിതഗ്രഹ വാതകങ്ങളുടെ വര്‍ധിച്ച ബഹിര്‍ഗമനമാണ് ആഗോള താപനത്തിന്‍റെ കാരണം. ഹരിതഗ്രഹ വാതകം കൊണ്ടുണ്ടാകുന്ന ചൂടിന്‍റെ ഭൂരിഭാഗം സമുദ്രത്തിലാണ് എത്തിച്ചേരുന്നത്.
അതുകൊണ്ട് തന്നെ എത്ര വേഗത്തിലാണ് ഭൂമി ചൂട് പിടിക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ സമുദ്രത്തിന്‍റെ താപന നിരക്ക് മനസിലാക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. കൂടാതെ സമുദ്ര താപനം ഊര്‍ജം, കാര്‍ബണ്‍, ജല ചാക്രികത എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. സമുദ്ര താപനം വര്‍ധിച്ചാല്‍ കേവലം സമുദ്ര ജീവി വര്‍ഗങ്ങളെ മാത്രമല്ല ബാധിക്കുക മറിച്ച് ലോകത്തിലെ കാലാവസ്ഥ പാറ്റേണുകളെയും ഭക്ഷ്യ ശൃംഖലയേയും അപകടകരമായ തരത്തില്‍ ബാധിക്കും.
സമുദ്രം കൂടുതല്‍ ചൂട് പിടിച്ചാല്‍ കൊടുങ്കാറ്റോടുകൂടിയ മഴ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവ ഉണ്ടാകുന്നതിന്‍റെ ആവൃത്തി വര്‍ധിക്കും. കൂടാതെ ഭൂമിയുടെ ചില ഭാഗങ്ങള്‍ കൂടുതല്‍ വരളും. അവിടെ ഉഷ്‌ണതരംഗവും വരള്‍ച്ചയും വര്‍ധിക്കും. സമുദ്ര നിരപ്പ് ഉയരുന്നത് കാരണം തീരപ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലാകുമെന്നും പഠനത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.