സിയോള്‍ (ഉത്തര കൊറിയ): പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ മകള്‍. കിമ്മിന്‍റെ രണ്ടാമത്തെ കുട്ടിയും മാനസ പുത്രിയായി കരുതപ്പെടുകയും ചെയ്യുന്ന പത്ത് വയസ് മാത്രമുള്ള ജു എയ് ആണ് പിതാവിനൊപ്പം മിസൈല്‍ ശാസ്‌ത്രജ്ഞന്മാരുമൊത്ത് വേദി പങ്കിട്ടത്. ഇതോടെ തുടര്‍ച്ചയായി പിതാവിനൊപ്പം പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്ന, വാര്‍ത്താമാധ്യമങ്ങളില്‍ ഇടം പിടിച്ച ജു എയിനെ കിം തന്‍റെ പിന്‍ഗാമിയായി പരിഗണിക്കുന്നുണ്ടോ എന്ന ചര്‍ച്ചകളും ചൂടുപിടിച്ചു.

കാണാ'കണ്‍മണി': കഴിഞ്ഞയാഴ്‌ച ദേശീയ മാധ്യമങ്ങളിലൂടെയാണ് ഒമ്പത് അല്ലെങ്കില്‍ പത്ത് വയസ് പ്രായമുള്ള ജു എയിയെ ആദ്യമായി പുറംലോകം കാണുന്നത്. ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപണത്തിന് മുന്‍ദിവസം തന്‍റെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് ജു എയ് പ്രത്യക്ഷപ്പെട്ടത്. വെളുത്ത പഫി കോട്ടും ചുവന്ന ഷൂസും ധരിച്ചെത്തിയ ഈ കൊച്ചു സുന്ദരി ലോഞ്ച് ട്രക്കിൽ കയറ്റിയ കൂറ്റൻ മിസൈലിനരികിലൂടെ കിമ്മിന്‍റെ കൈപിടിച്ച് കടന്നുപോകുന്നത് മാധ്യമങ്ങള്‍ അന്ന് ഒപ്പിയെടുത്തിരുന്നു.
'അമൂല്യ സന്തതി': കഴിഞ്ഞ ഞായറാഴ്‌ച ദിവസം ഉത്തര കൊറിയയുടെ ഔദ്യോഗിക സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎന്‍എ) വീണ്ടും ജു എയിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചു. ഇത്തവണ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലായ ഹ്വാസോങ് -17 ന്‍റെ പരീക്ഷണ വിക്ഷേപണ ചടങ്ങിലായിരുന്നു അത്. കിമ്മും ശാസ്‌ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഗ്രൂപ്പ് ഫോട്ടോകളിലാണ് ജു എയ് നിറസാന്നിധ്യമായത്.

ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോള്‍ കറുത്ത നീളന്‍ കോട്ട് ധരിച്ച ജു എയ് കിമ്മിന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചിരുന്നു. മാത്രമല്ല മുന്‍ ആഴ്‌ചയില്‍ കണ്ടതിനേക്കാള്‍ പക്വതയും ആ മുഖത്ത് പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ദേശീയ മാധ്യമം ജു എയിയെ 'കിമ്മിന്‍റെ അമൂല്യ സന്തതി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതേസമയം ജു എയ് ശ്രദ്ധാകേന്ദ്രമായ ഈ പൊതുപരിപാടിയുടെ ദൃശ്യങ്ങളില്‍ അമ്മ റി സോൾ ജുവിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

വെറും ഫോട്ടോയല്ല : മാധ്യമങ്ങള്‍ പങ്കുവച്ച ചിത്രങ്ങളിലേക്ക് കടന്നാല്‍ അതിലൊന്ന് ചുറ്റുമുള്ളവര്‍ കിമ്മിന്‍റെ മകള്‍ ജു എയ്‌ക്കായി ഹര്‍ഷാരവം ഉയര്‍ത്തുന്നതാണ്. ജു എയ് ഒരു സൈനികനുമായി ഹസ്‌തദാനം നടത്തുന്നതും ഈ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ഇതിലേറ്റവും ശ്രദ്ധേയമായത് പശ്ചാത്തലത്തില്‍ ആളുകള്‍ ആഹ്ളാദിക്കുമ്പോള്‍ ജു എയ് പിതാവായ കിമ്മിനോട് സംസാരിക്കുന്നതാണ്. മിസൈല്‍ ലോഞ്ചിന് സാക്ഷിയായ സാങ്കേതിക വിദഗ്‌ധരും ശാസ്‌ത്രജ്ഞരും ആഘോഷ നിറവിലായിരിക്കുമ്പോള്‍ ജു എയ് കിമ്മിനൊപ്പം നിൽക്കുന്ന ഫോട്ടോയും ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ രാജ്യത്തിന്‍റെ തന്ത്രപ്രധാന ചടങ്ങിലേക്ക് മകളുമൊത്ത് കിം എത്തിയത് 'കുട്ടിക്കളി'യാകില്ല എന്നുതന്നെയാണ് വിദഗ്‌ധരുടെ വിശദീകരണം. തന്‍റെ മകളെ അടുത്ത പിന്‍ഗാമിയായി സ്ഥാപിക്കുന്നതിനുള്ള തുടക്കമാണ് ഇതെന്ന് പക്ഷപാതരഹിതമായി അന്താരാഷ്‌ട്ര വിഷയങ്ങളെ സമീപിക്കുന്ന കാർണഗീ എന്‍ഡോവ്‌മെന്‍റ് ഫോര്‍ ഇന്‍റര്‍നാഷണല്‍ പീസ് എന്ന സംഘടനയുടെ ഭാഗമായ അങ്കിത് പാണ്ഡെ പറയുന്നു.

നിഗമനങ്ങള്‍ പല വഴിയേ : അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത് അനുസരിച്ച് അതേ പ്രായത്തിലുള്ള മറ്റ് പെണ്‍കുട്ടികളെ അപേക്ഷിച്ച് ജു എയ് ഉയരത്തിലും ശാരീരിക വളര്‍ച്ചയിലും മുന്നിട്ടുനില്‍ക്കുന്നു എന്നാണ്. മാത്രമല്ല അമേരിക്കയുമായുള്ള തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയയുടെ ഭാവി സുരക്ഷിതമാണെന്ന് സ്ഥാപിക്കാനുള്ള കിമ്മിന്‍റെ നിശ്ചയദാര്‍ഢ്യമാണ് ജു എയിയെ പൊതു ചടങ്ങിലെത്തിച്ച് സാധ്യമാക്കിയതെന്നും ഇവര്‍ അനുമാനിക്കുന്നു.

ഒന്നിനേക്കാള്‍ വലുതോ രണ്ട് ? : 2010, 2013, 2017 വർഷങ്ങളിലായി കിമ്മിന് മൂന്ന് കുട്ടികള്‍ ജനിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ മുമ്പ് പ്രചരിപ്പിച്ചിരുന്നത്. ഇതില്‍ ആദ്യത്തേത് ആണ്‍കുട്ടിയാണെന്നും ഇവര്‍ ഊഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയെങ്കില്‍ പ്രായത്തില്‍ മുതിര്‍ന്ന കുട്ടിയെ പിന്‍മുറക്കാരനായെത്തിക്കാതെ രണ്ടാമതുള്ള പെണ്‍കുഞ്ഞിനെ അനന്തരാവകാശിയായി പരിഗണിക്കുന്നതെങ്ങനെയെന്നുള്ള ചോദ്യവും ഉയരുന്നു. മാത്രമല്ല മുത്തശ്ശന്‍ കിം ഇല്‍ സങ്, അച്ഛന്‍ കിം ജോങ് ഇല്‍ വഴി കിം ജോങ് ഉന്നിലെത്തിയ ഉത്തരകൊറിയയുടെ ഭരണക്കസേരയിലേക്ക് ജു എയ് എത്തുമ്പോള്‍ പുരുഷാധിപത്യം മാത്രം കണ്ട് ശീലിച്ച ഉത്തര കൊറിയന്‍ ജനത ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു.

ഈ കുട്ടിയാണോ, ആ കുട്ടി ? : അമേരിക്കയുടെ പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ മിന്നും താരമായിരുന്ന ഡെന്നിസ് റോഡ്‌മാന്‍ 2013 ല്‍ തന്‍റെ പ്യോങ്‌യാങ്ങിലേക്കുള്ള യാത്രയ്ക്കിടെ കിമ്മിനെ സന്ദര്‍ശിച്ചുവെന്നും ഈ സമയത്ത് അദ്ദേഹത്തിന്‍റെ മകളെ കണ്ടുവെന്നും ബ്രിട്ടീഷ് ന്യൂസ്‌പേപ്പര്‍ ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കൂടിക്കാഴ്‌ചയില്‍ കിമ്മും അദ്ദേഹത്തിന്‍റെ കുടുംബവുമായി കടല്‍തീരത്ത് വിശ്രമിക്കുന്ന സമയത്താണ് ജു എയ് എന്ന് പേരിട്ട അവരുടെ കുഞ്ഞിനെ കണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എല്ലാം സസ്‌പന്‍സ് : ഏഴ് പതിറ്റാണ്ടിലേറെയായി ഉത്തരകൊറിയ അടക്കി ഭരിക്കുന്ന കുടുംബത്തിലെ മൂന്നാം തലമുറയിലെ അംഗമാണ് കിം. 2011 അവസാനത്തോടെയാണ് കിം ഉത്തര കൊറിയയുടെ അധികാരക്കസേരയിലെത്തുന്നത്. അദ്ദേഹത്തിന് ശേഷം മാധ്യമങ്ങള്‍ അനുമാനിച്ച, അദ്ദേഹത്തിന്‍റെ മകന്‍ ഉത്തര കൊറിയയുടെ തലവനാകുമെന്നാണ് ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നത്.
എന്നാല്‍ രാജ്യത്തിലും ഭരണത്തിലും സ്വന്തം ജീവിതത്തിലും വരെ സസ്‌പെന്‍സ് ഒളിപ്പിച്ച കിമ്മിന്‍റെ ചിന്തകളും തീരുമാനങ്ങളും എന്നത്തേയും പോലെ ലോകത്തിന്‍റെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അതീതമായിരിക്കാം.