വെല്ലിങ്ടണ്‍(ന്യൂസിലാന്‍ഡ്) : കനത്ത ചുഴലിക്കാറ്റ് രാജ്യത്താകെ നാശം വിതയ്‌ക്കുന്നതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ആറ് ഇടങ്ങളില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമായതിനാലാണ് നടപടി. ഇത് മൂന്നാം തവണയാണ് രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
നോര്‍ത്ത് ലാന്‍ഡ്, ഓക്‌ലാന്‍ഡ്, തയ്‌റാവ്‌ഹിട്ടി, ബേ ഓഫ് പ്ലന്‍റി, വെയ്‌ക്കാട്ടോ, ഹാവ്‌ക്‌സ് ബേ എന്നീ ആറ് പ്രദേശങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചെ ന്യൂസിലാന്‍ഡ് മന്ത്രി കിരേണ്‍ മക്‌നൗള്‍ട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. അതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി ക്രിസ് ഹിപ്‌കിന്‍സുമായും പ്രതിപക്ഷ വക്താവുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
'പ്രതികൂലമായ കാലാവസ്ഥ വടക്കന്‍ മേഖലയിലാണ് ഏറ്റവുമധികം നാശം വിതച്ചത്. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചുഴലിക്കാറ്റ് പ്രളയത്തിന് കാരണമാവുകയും രാജ്യത്തെ റോഡുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശം വിതയ്‌ക്കുകയും ചെയ്‌തിരിക്കുകയാണ്'- കിരേണ്‍ മക്‌നൗള്‍ട്ടി അറിയിച്ചു.
'ഇന്ന് കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച(12.02.2023) മുതല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതിന്‍റെ ആവശ്യകത വിലയിരുത്തുന്നതിനായി ഇതുസംബന്ധിച്ച വിഭാഗം ദുരിത ബാധിത പ്രദേശങ്ങളിലെ പ്രാദേശിക സിവിൽ ഡിഫൻസ് എമർജൻസി മാനേജ്‌മെന്‍റ് ടീമുകളുമായി നിരന്തരം ആശയവിനിമയം നടത്തി വരികയായിരുന്നു. ടീമുകള്‍ വിലയിരുത്തല്‍ നടത്തി തനിക്കും പ്രധാനമന്ത്രിയ്‌ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
'അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ല എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ദുരിത ബാധിത മേഖലകളില്‍ സഹായം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും' മക്‌നൗള്‍ട്ടി കൂട്ടിച്ചേര്‍ത്തു.