യുണൈറ്റഡ് നേഷൻസ് : ഒരുമാസമായി തുടരുന്ന യുദ്ധം പലസ്‌തീനിയൻ സമ്പദ്ഘടനയെ തകർത്തെറിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. യുദ്ധത്തിന്‍റെ ആദ്യമാസം തന്നെ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും മൊത്ത ആഭ്യന്തര ഉത്പാദനം നാല് ശതമാനം കുറഞ്ഞു. നാല് ലക്ഷം പേരെ ഇത് ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സിറിയ, യുക്രൈൻ കലാപകാലത്തോ മുൻ ഇസ്രയേൽ-ഹമാസ് സംഘർഷകാലത്തോ ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം ഏഴിനാണ് ഹമാസ് അപ്രതീക്ഷിത അക്രമം അഴിച്ച് വിട്ടത്. 1400 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 240 പേരെ ബന്ദികളാക്കിയിട്ടുണ്ട്. കരയുദ്ധത്തിന് ശേഷം ഇസ്രയേൽ ആഴ്‌ചകളോളം ശക്തമായ വ്യോമാക്രമണം തുടങ്ങിയതോടെ ഗാസയിലെ ജനങ്ങളിൽ 23ലക്ഷം പേർ രാജ്യത്ത് നിന്ന് പലായനം ചെയ്‌തു.
10,818 പലസ്‌തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 4400 പേര്‍ കുട്ടികളാണ്. യുദ്ധം തകര്‍ത്ത സമ്പദ്ഘടനെയെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം യുഎന്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാമും പശ്ചിമേഷ്യയിലെ ഐക്യരാഷ്ട്രസഭ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷനും ചേര്‍ന്ന് പുറത്ത് വിട്ടത്.
യുദ്ധം നീണ്ടാല്‍ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തും: രണ്ടാം മാസവും യുദ്ധം തുടരുകയാണെങ്കില്‍ പലസ്‌തീനിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം 8.4 ശതമാനത്തിലേക്ക് കുറയുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് 2040 കോടി ഡോളറുണ്ടായിരുന്ന പലസ്‌തീന്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഇതോടെ 170 കോടി ഡോളറിന്‍റെ നഷ്‌ടമുണ്ടാകും. മൂന്നാം മാസവും യുദ്ധം തുടര്‍ന്നാല്‍ പലസ്‌തീനിയന്‍ ജിഡിപി 12 ശതമാനത്തിലേക്ക് കൂപ്പ് കുത്തും. അതായത് 250 കോടി അമേരിക്കന്‍ ഡോളറിന്‍റെ നഷ്‌ടം. ഇത് 660,000 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ 12 ശതമാനം നഷ്‌ടം മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണെന്നും യുഎന്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാം അസിസ്റ്റന്‍റ് സെക്രട്ടറി അബ്‌ദല്ല അല്‍ ദാര്‍ദരി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സിറിയ സംഘര്‍ഷത്തിന്‍റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന കാലത്ത് ഇവരുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ പ്രതിമാസം കേവലം ഒരു ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നര വര്‍ഷം നീണ്ട യുക്രൈന്‍ യുദ്ധത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ ഇടിവ് കേവലം 30 ശതമാനം മാത്രമായിരുന്നു. അതായത് പ്രതിമാസ നഷ്‌ടം ഏകദേശം 1.6 ശതമാനം.
ദാരിദ്ര്യവും തൊഴിലില്ലായ്‌മയും: 2023ന്‍റെ തുടക്കത്തില്‍ പലസ്‌തീന്‍ മേഖലകളായ വെസ്റ്റ് ബാങ്കിലും ഗാസയിലും ദാരിദ്ര്യ നിരക്ക് ഒരാള്‍ക്ക് ആറ് ഡോളര്‍ എന്ന തോതിലായിരുന്നു എന്ന് ഇക്കണോമിക് കമ്മിഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റോള ദഷ്‌തി പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ ഗാസയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്കും രേഖപ്പെടുത്തി. 46ശതമാനം തൊഴിലില്ലായ്‌മ നിരക്കാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. വെസ്റ്റ് ബാങ്കിലെ തൊഴിലില്ലായ്‌മ നിരക്കായ 13 ശതമാനത്തിന്‍റെ മൂന്നര ശതമാനം കൂടുതല്‍ ആണിത്. യുദ്ധം തുടങ്ങി ആഴ്‌ചകള്‍ പിന്നിട്ടതോടെ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ഗാസയില്‍ 61 ശതമാനം അതായത് 182,000 പേര്‍ക്ക് തൊഴില്‍ നഷ്‌ടമായെന്നാണ് കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കില്‍ 24 ശതമാനം അതായത് 208,000 പേര്‍ക്ക് ജോലിയില്ലാതായി. ഒലിവ്, ഓറഞ്ച് കര്‍ഷകര്‍ക്ക് ഇത് വിളവെടുപ്പിന്‍റെ കാലമായിരുന്നു. എന്നാല്‍ യുദ്ധം മൂലം അതിന് സാധിച്ചിട്ടില്ല. ഇത് പലസ്‌തീന്‍റെ സമ്പദ്ഘടനയുടെ 82 ശതമാനം നഷ്‌ടത്തിന് കാരണമായെന്നും അല്‍ ദാദ്രി ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്കിലെ സമ്പദ്ഘടനയെ താങ്ങി നിറുത്തുന്ന കാര്‍ഷിക മേഖലയിലും വിനോദ സഞ്ചാരമേഖലയിലും യുദ്ധം കനത്ത നഷ്‌ടമുണ്ടാക്കി. വാണിജ്യ ഇടപാടുകളിലുണ്ടായ ഇടിവും സമ്പദ്ഘടനയെ സാരമായി ബാധിച്ചു. ഇസ്രയേലില്‍ നിന്ന് പലസ്‌തീന്‍ അധികൃതര്‍ക്ക് നല്‍കേണ്ട വാണിജ്യ ഇടപാടുകള്‍ വെസ്റ്റ് ബാങ്ക് വഴിയാണ് നിയന്ത്രിക്കുന്നത്. യുദ്ധം ഇതിന് തടയിട്ടതോടെ നിക്ഷേപങ്ങളും ഇല്ലാതായി. ഗാസയിലുണ്ടായ നഷ്‌ടം മുന്‍പുണ്ടായിട്ടില്ലാത്തതും നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലുതാണെന്നും ഇക്കണോമിക് കമ്മിഷന്‍റെ ദഷ്‌തി പറഞ്ഞു.
ഈ മാസം മൂന്നിലെ കണക്കുകള്‍ പ്രകാരം 35000 വീടുകള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിട്ടുണ്ട്. 220000 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഗാസയിലെ വീടുകളില്‍ 45 ശതമാനവും ഭാഗികമായോ പൂര്‍ണമായോ തകര്‍ത്തിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഗാസയിലെ മിക്കജനങ്ങളും ഭവനരഹിതരാകും.
യുദ്ധം ഇപ്പോള്‍ അവസാനിച്ചാല്‍ വന്‍ തോതില്‍ ജനങ്ങള്‍ക്ക് ദീര്‍ഘകാലം ഇവിടെ നിന്ന് മാറി താമസിക്കേണ്ടി വരും. ഇത് മാനുഷിക, സാമ്പത്തിക വികസന സുരക്ഷ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അല്‍ ദാദ്രി പറയുന്നു. പലസ്‌തീന്‍ ഭൂവിഭാഗം ദരിദ്ര്യ സമ്പദ്ഘടനയായി മാറി എന്നത് തന്നെ തകര്‍ത്തു കളഞ്ഞെന്ന് അല്‍ ദാദ്രി വ്യക്തമാക്കി. യുദ്ധം തുടര്‍ന്നാല്‍ രാജ്യത്തിന്‍റെ വളര്‍ച്ച 19 വര്‍ഷം വരെ പിന്നോട്ട് അടിക്കാമെന്നും അദ്ദേഹം വിലയിരുത്തുന്നു.
Also read: പലസ്തീനിൽ ഇസ്രായേൽ കൂട്ടക്കൊല; വൃദ്ധയടക്കം ഒമ്പതുപേരെ കൊന്നു